ബംഗാളിന് സമ്പന്നമായ ബൗദ്ധിക സാംസ്കാരിക പാരമ്പര്യമുണ്ട്. അത് മികച്ച സാമ്പത്തിക, സാമൂഹ്യ പണ്ഡിതരെയും രാഷ്ട്രീയ പ്രവർത്തകരെയും ശാസ്ത്രജ്ഞരെയും സ്വതന്ത്ര വ്യക്തികളെയും സൃഷ്ടിച്ചു. ദേശീയ രാഷ്ട്രീയത്തിൽ പ്രധാന പങ്കുവഹിച്ച അവരിൽ മിക്കവരും പ്രായോഗിക സ്വഭാവമുള്ളവരായിരുന്നു. അധികാരത്തിൽ വന്നതിനുശേഷം മമത രാഷ്ട്രീയ രംഗത്ത് മാറ്റം വരുത്താൻ ശ്രമിച്ചതു മുതൽ ബംഗാളിന്റെ രാഷ്ട്രീയ പ്രാധാന്യവും വർദ്ധിച്ചു. സംസ്ഥാനത്ത് ബി.ജെ.പി ഏറെ മുന്നേറുകയും വേരൂന്നുകയും ചെയ്തതോടെ മാറ്റങ്ങൾക്കും വേഗം കൈവന്നു.
തന്റെ രാഷ്ട്രീയ സ്വാധീനവും അധികാര ഹുങ്കും നൽകിയ അമിത ആത്മവിശ്വാസത്തിലായിരുന്നു മമതാ ബാനർജി. എന്നാൽ, 2019ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജനപിന്തുണ കൂടിയത് പ്രധാന വസ്തുതയാണ്. 2014 ൽ 17 ശതമാനമായിരുന്ന വോട്ട് 2019 ൽ 40 ശതമാനമായി വളരുകയും സീറ്റുകളുടെ എണ്ണം രണ്ടിൽ നിന്ന് 18 ആയി ഉയരുകയും ചെയ്തു.
ഹിന്ദു വോട്ടുകൾ
മുസ്ളീങ്ങളെ പ്രീതിപ്പെടുത്തിയെന്ന് പഴി കേട്ട മമത ഇപ്പോൾ ബംഗാളിലെ ഹിന്ദി സംസാരിക്കുന്നവരെയും ഹിന്ദുക്കളെയും ആകർഷിക്കാൻ ശ്രമം തുടങ്ങിയിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 42 ൽ 18 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചത് ഈ രണ്ട് ഘടകങ്ങളുടെയും സഹായത്തോടെയാണെന്ന് മമത തിരിച്ചറിഞ്ഞു.
ബീഹാർ ജയത്തിന്റെ പ്രാധാന്യം
ഭരണവിരുദ്ധ തരംഗമുണ്ടായിട്ടും ബീഹാറിൽ തുടർച്ചയായി നാലാം തവണയും സർക്കാർ രൂപീകരിക്കുന്നതിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യം വിജയിച്ചത് നരേന്ദ്ര മോദിയുടെ ജനപ്രീതിയുടെ തെളിവായി. മോദി തരംഗം ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസാനമില്ലാത്ത ഒന്നാണെന്ന തോന്നലുണ്ടാക്കുന്നു. ജെ.ഡി.യു തിരഞ്ഞെടുപ്പിൽ പിന്നിലായിട്ടും എൻ.ഡി.എ സർക്കാർ രൂപീകരിക്കുന്നതിന് ഇടയാക്കിയ പ്രധാന ഘടകം മോദിതരംഗം തന്നെ.
ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം മമതാ ബാനർജിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് നൽകുന്നത്. അതിർത്തി ജില്ലകളിൽ അതു പ്രതിഫലിക്കുമോ എന്ന പേടി. ബീഹാർ തിരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ ബംഗാളിൽ ബി.ജെ.പിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും സ്വീകാര്യതയും മമത തിരിച്ചറിഞ്ഞു. ഗോമാംസം കഴിക്കുന്നത് തന്റെ അവകാശമാണെന്ന് ഒരിക്കൽ പറഞ്ഞ മമത ഇപ്പോൾ ഹിന്ദു പുരോഹിതന്മാർക്ക് അലവൻസുകളും സൗജന്യ വീടുകളും നൽകുന്നതിനെക്കുറിച്ച് സംസാരിച്ച് ഹിന്ദുക്കളെ വശത്താക്കാൻ ശ്രമിക്കുന്നു. ഇതൊക്കെയാണെങ്കിലും ബി.ജെ.പിയുടെ സ്വാധീനം ബംഗാളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
മമത ബാനർജി ഭയപ്പെടുന്നത് വെറുതെയല്ല. മുതിർന്ന ബി.ജെ.പി നേതാക്കളായ അമിത് ഷാ, ജെ.പി നദ്ദ എന്നിവർ ബംഗാൾ വിജയത്തെക്കുറിച്ച് ആവർത്തിച്ച് സംസാരിക്കുന്നു. 'ദീദി' ഭരണത്തിന്റെ പരാജയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച ആരംഭിച്ചു. പശ്ചിമ ബംഗാളിലെ ആദിവാസി, അവികസിത പ്രദേശങ്ങളിൽ ആർ.എസ്.എസ് നിരവധി വർഷങ്ങളായി 'ശാഖ' സംഘടിപ്പിക്കുന്നു. ബീഹാറിലെ വിജയത്തിനുശേഷം പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ബി.ജെ.പി കൂടുതൽ ശക്തമായി ആരംഭിച്ചു. ബി.ജെ.പി ആദ്യം ഗോത്രവർഗ മേഖലകളെയാണ് ലക്ഷ്യമിടുന്നത്. ആളുകൾക്ക് ആവശ്യമായ ഭക്ഷണം, വീടുകൾ, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവ നൽകുന്നതിൽ ഇപ്പോഴത്തെ സർക്കാർ പരാജയപ്പെട്ടിടത്താണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബംഗാൾ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്ന് വ്യക്തമാണ്. ബി.ജെ.പിയെ ബംഗാളിൽ നിന്ന് മാറ്റിനിറുത്താൻ മമതയും ഇടതുപക്ഷവും കോൺഗ്രസും കൈകോർക്കുമോ? ബംഗാളിൽ മമതയെ ഒതുക്കാൻ ഏറെക്കാലമായി ശ്രമിക്കുന്ന ബി.ജെ.പി ഇതുവരെ പൂർണ വിജയം കണ്ടിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയതു മാത്രമാണ് കാര്യമായ നേട്ടം. അടുത്ത അസംബ്ളി തിരഞ്ഞെടുപ്പ് നിർണായകമാണ്.
ഉദാരവത്കരണം
1990ൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ തുറന്നുകൊടുത്ത കാലം മുതൽ ബംഗാളിലെ ഇടതുപക്ഷ ആധിപത്യത്തിന്റെ തകർച്ചയും തുടങ്ങി. സാമ്പത്തിക ഉദാരവത്കരണത്തെ അവർ എതിർത്തു. പഴയ ഇടത് നേതാക്കളെ തട്ടിമാറ്റി കായിക ശേഷിയുള്ളവർ സ്ഥാനം നേടി. അതോടെ ഗ്രാമപ്രദേശങ്ങളിൽ അടക്കം രാഷ്ട്രീയ അതിക്രമങ്ങൾ വ്യാപിച്ചു. ആ ഘട്ടത്തിൽ ഇടതുപക്ഷത്തെ അവരുടെ ഭാഷയിൽ എതിരിടാൻ ധൈര്യം കാട്ടിയത് മമത മാത്രം. അക്രമമില്ലാതെ ഭരണകക്ഷിയുമായി മത്സരിക്കാനാകില്ലെന്ന് തൃണമൂൽ മനസിലാക്കി. അതോടെ 2007-2011 കാലം ആക്രമണ പരമ്പരകളുടേതായി മാറി. സിംഗൂരിലെ ടാറ്റ നാനോ കാർ പദ്ധതിയും നന്ദിഗ്രാമിൽ വ്യവസായവത്കരണത്തിനായി കർഷകരുടെ ഭൂമി ഏറ്റെടുത്തതും ഇടതു സർക്കാരിനെതിരെ മമത ആയുധമാക്കി.
മാറാതെ അക്രമം
ഇടതു സർക്കാർ വ്യവസായികളെ പിന്തുണയ്ക്കുന്നവരും കർഷകരുടെയും പാവപ്പെട്ടവരുടെയും താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരുമാണെന്നും മമത കുറ്റപ്പെടുത്തി. ടാറ്റക്ക് സിംഗൂർ വിടേണ്ടിവന്നു, നന്ദിഗ്രാം പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിങ്കൂറും നന്ദിഗ്രാമും മമതയെ വിജയിപ്പിച്ചു. 'അമ്മ, മാതൃഭൂമി, മനുഷ്യർ' എന്ന മുദ്രാവാക്യത്തോടെ 34 വർഷത്തെ ഇടതുപക്ഷ ഭരണത്തിന് 2011ൽ മമത അവസാനം കുറിച്ചു. എന്നാൽ സ്വന്തം സർക്കാർ രൂപീകരിച്ച ശേഷവും തൃണമൂൽ രാഷ്ട്രീയ അക്രമം തുടർന്നു. അക്രമത്തിലൂടെയാണ് സമീപകാലത്ത് തൃണമൂൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ വിജയിച്ചത്. അക്രമത്തിന്റെ കാര്യത്തിൽ തൃണമൂൽ സർക്കാരും മുൻകാല ഇടതുപക്ഷ സർക്കാരും ഒരുപോലെ.
2021-ൽ ആരു ഭരിക്കും?
രാഷ്ട്രീയ ചർച്ചകളിൽ കുറച്ച് കാലമായി ഉയരുന്ന ചോദ്യമാണിത്. ആർക്കും കൃത്യമായ ഉത്തരമില്ല, പക്ഷേ തൃണമൂലും ബി.ജെ.പിയും തമ്മിലാകും ഇഞ്ചോടിഞ്ച് പോരാട്ടം. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഇടതുപക്ഷവും കോൺഗ്രസും അപ്രസക്തമാകുന്നതും കാണാം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബംഗാളിൽ കേഡർ തലത്തിൽ പാർട്ടി വികസിപ്പിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. പ്രവർത്തകരെ സജീവമാക്കുന്നതിനൊപ്പം പുതിയ കേഡർമാരെ ആകർഷിക്കുകയും ചെയ്യുന്നു. മറുവശത്ത് മമതയ്ക്ക് നേരിടേണ്ടി വരിക 10 വർഷത്തെ ഭരണവിരുദ്ധ തരംഗമാണ്. ബീഹാർ ജയിച്ച ശക്തരായ ബി.ജെ.പിയെ തടയാൻ മമതയ്ക്ക് കഴിയുമോ? അതോ മോദി തരംഗം മമത സർക്കാരിനെ പിഴുതെറിയുമോ? ബംഗാൾ തിരഞ്ഞെടുപ്പിലെ രസകരമായ ഈ കാഴ്ചകളാകും 2021 കാണാൻ പോകുന്നത്.