തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ എത്തിയതോടെ നിയമയുദ്ധം തുടരാൻ വഴിതുറന്നു.
വിമാനത്താവള നടത്തിപ്പിനായുള്ള 2019 ഫെബ്രുവരിയിലെ ലേലത്തിൽ ജയിച്ച അദാനിക്കും കേന്ദ്രത്തിനുമെതിരെ സർക്കാർ കേസ് കൊടുത്തതിനാൽ 18മാസമായി കരാറൊപ്പിടാനായിരുന്നില്ല. സുപ്രീംകോടതി വരെ നിയമയുദ്ധം നീണ്ടെങ്കിലും സ്റ്റേ ചെയ്യാത്തതിനാൽ അദാനിയുമായി കേന്ദ്രം പാട്ടക്കരാറൊപ്പിട്ടു. അതിനെതിരായ ഹർജി തള്ളിയ ഹൈക്കോടതി വിമാനത്താവളം അദാനിക്ക് കൈമാറുന്നത് ശരിവച്ചു. ഇതിനെതിരെയാണ് ഇപ്പോൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
വിമാനത്താവളം സർക്കാർ ഭൂമിയിലാണെന്നും സർക്കാരിന്റെ അനുമതിയില്ലാതെ അദാനിക്ക് വികസനം പറ്റില്ലെന്നുമാണ് വാദം. ലേലം റദ്ദാക്കി വിമാനത്താവള നടത്തിപ്പ് സർക്കാരിന്റെ കമ്പനിയായ ടിയാലിന് നൽകണം അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ നടത്തിപ്പ് തുടരണം - ഇതാണ് സംസ്ഥാന നിലപാട്.
കേന്ദ്ര വ്യവസ്ഥകൾ അംഗീകരിച്ച് ലേലത്തിൽ പങ്കെടുത്ത് പരാജയപ്പെട്ട ശേഷം, കൈമാറ്റത്തെ എതിർക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച പശ്ചാത്തലത്തിൽ സുപ്രീംകോടതിയിലെ അപ്പീലിലും സർക്കാരിന് പ്രതീക്ഷയില്ല. എങ്കിലും വിമാനത്താവള കൈമാറ്റത്തിന് എങ്ങനെയും തടയിടാനാണ് വീണ്ടും അപ്പീൽ നൽകിയത്.
ഇനി ഇങ്ങനെ
പാട്ടക്കരാർ ഒപ്പിടാൻ സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് നൽകില്ലെന്നാണ് സർക്കാർ നിലപാട്. വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി സൗകര്യങ്ങൾ ഉറപ്പാക്കാനുള്ളതാണ് ഈ കരാർ.
2) 55,000ചതുരശ്രഅടി വരുന്ന പുതിയ ടെർമിനൽ നിർമ്മിക്കാൻ സർക്കാർ 18.30ഏക്കർ ഭൂമി നൽകണം. നടത്തിപ്പ് അദാനിക്കാണെങ്കിൽ ഭൂമി ഏറ്റെടുക്കൽ സർക്കാർ ഉപേക്ഷിച്ചേക്കും.
നിയമപോരാട്ടം ഇതുവരെ
സംസ്ഥാന സർക്കാർ, കെ.എസ്.ഐ.ഡി.സി, മുൻ സ്പീക്കർ എം.വിജയകുമാർ, എയർപോർട്ട് അതോറിട്ടി എംപ്ളോയീസ് യൂണിയൻ എന്നിവർ നൽകിയ ഹർജികൾ, കേന്ദ്ര-സംസ്ഥാന തർക്കം ഇവിടെയല്ല ചോദ്യം ചെയ്യേണ്ടതെന്നു വ്യക്തമാക്കി കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി തള്ളി
ഇതിനെതിരായ അപ്പീലിൽ സ്റ്റേ നൽകാത്ത സുപ്രീംകോടതി, മെരിറ്റ് പരിഗണിച്ച് ഹൈക്കോടതി തന്നെ വാദം കേൾക്കണമെന്ന് ഉത്തരവിട്ടു
സ്വകാര്യവത്കരണം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെയുള്ള ഹർജികൾ ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് അദാനിയുമായി അമ്പതുവർഷത്തേക്കുള്ള പാട്ടക്കരാറൊപ്പിട്ടത്.
നിയമപോരാട്ടത്തിനൊപ്പം ജനകീയപ്രക്ഷോഭവും ഉയരും. മുതലാളികൾക്ക് മാത്രമേ വിമാനത്താവളം സർക്കാർ ഏറ്റെടുക്കുന്നതിൽ അസ്വസ്ഥതയുണ്ടാവൂ.
-മന്ത്രി കടകംപള്ളി സുരേന്ദ്രൻ