ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷകസംഘടനകൾ പ്രഖ്യാപിച്ച പാർലമെന്റ് ഉപരോധം നാളെ ആരംഭിക്കാനിരിക്കെ ഹരിയാനയിൽ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 31 നേതാക്കളെ ചൊവ്വാഴ്ച പുലർച്ചെ അറസ്റ്റു ചെയ്തു. ഡൽഹിയിലേക്കുള്ള മാർച്ച് തടയാനായി ഹരിയാന സർക്കാർ അതിർത്തി അടച്ചിട്ടതായും റിപ്പോർട്ടുണ്ട്.
നാളെയും മറ്റന്നാളുമായാണ് കർഷകരുടെ ദില്ലി ചലോ ഉപരോധം. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി കർഷകർ ഡൽഹിയിലേക്ക് തിരിച്ചു.
സമരത്തിന് ഐക്യാർഢ്യം പ്രഖ്യാപിച്ച് ബീഹാറിലെ 16 ഇടതുപക്ഷ എം.എൽ.എമാർ നിയമസഭയ്ക്കു മുന്നിൽ ധർണയിരിക്കും. ഒഡിഷ, ആന്ധ്രാപ്രദേശ്, തെലങ്കാന,പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ഗ്രാമീണ ഹർത്താലും കർണാടകയിൽ ആയിരം കേന്ദ്രങ്ങളിൽ ഗ്രാമീണ ബന്ദും തമിഴ്നാട്ടിൽ അഞ്ഞൂറു സ്ഥലങ്ങളിൽ റോഡും റെയിലും ഉപരോധിക്കും. മഹാരാഷ്ട്രയിൽ ചന്തകൾ അടച്ചിടും.
കാർഷികനിയമങ്ങൾ പിൻവലിക്കുന്നതു വരെ കർഷകപ്രക്ഷോഭം തുടരുമെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ വി.എം.സിംഗ് പറഞ്ഞു. കേന്ദ്രം കൊണ്ടുവന്ന കാർഷികനിയമങ്ങൾ കോർപറേറ്റുകൾക്ക് വേണ്ടിയുള്ളതാണെന്ന് കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്ളേയും ജനറൽ സെക്രട്ടറി ഹനൻമൊള്ളയും ആരോപിച്ചു.