കുമളി:കുമളി പതിനൊന്നാം വാർഡായ തേക്കടിയിൽ ഇത്തവണ പോരിന് ഏറെ പ്രാധാന്യമുണ്ട്.എതിരാളികൾ ഒരേ കളരിയിൽനിന്ന് വരുന്ന ആത്മാർത്ഥ സുഹൃത്തുക്കൾ.എൽ.ഡി.എഫിനു വേണ്ടി തേക്കടി പെരുക്കാട്ടിൽ ജിജോ രാധാകൃഷ്ണനും യു.ഡി.എഫിനായി വടക്കുംതറയിൽ രജനീഷ് സഹദേവനുമാണ് രംഗത്തുള്ളത്.
കുമളിയിലെ പ്രമുഖ വാട്ട്സ്ആപ് കൂട്ടായ്മയായ ചായപ്പീടികയിലെ അംഗങ്ങളും തേക്കടിയിലെ ടൂറിസ്റ്റ് ഗൈഡുകളുമാണ് ഇരുവരും. കുമളിയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ കൊവിഡ് സെന്ററിൽ സന്നദ്ധസേവകരിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവച്ചവരാണ്.
ജീവിതസാഹചര്യങ്ങളും തൊഴിലും ഉൾപ്പെടെ പലതും ഈ സുഹൃത്തുക്കളുടെ കാര്യത്തിൽ സമാനമാണ്.
ഇടതുപക്ഷ കുടുംബാംഗങ്ങളിൽപ്പെട്ട ഇരുവരും എസ്.എഫ്.ഐയിലൂടെയാണ് സാമൂഹ്യസന്നദ്ധ മേഖലകളിൽ സജീവമായത്. നിനച്ചിരിക്കാതെയാണ് സ്ഥാനാർഥിത്വം പോലും ഇരുവരെയും തേടിയെത്തിയത്.
രണ്ട് പതിറ്റാണ്ട് മുമ്പ് കാൽപന്തുകളിക്കിടെ പുൽമൈതാനത്തിലെ പോരാട്ട വീര്യത്തിലാണ് ഇരുവരും സൗഹൃദത്തിന്റെ പാതയിലേക്ക് കൈകോർത്തത്. പിന്നീട് ബന്ധം ശക്തമായ സൗഹൃദമായി മാറുകയായിരുന്നു. ഇരുവരുടേയും ഇഷ്ട വിനോദം ഫുട്ബോളാണ്.
ഇതിനോടകം തന്നെ ടൂറിസ്റ്റ് ഗൈഡ് എന്ന നിലയിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഈജിപ്ത്, ചൈന, റഷ്യ, മലേഷ്യ, ദുബായ് ഉൾപ്പെടെ 25ഓളം വിദേശരാജ്യങ്ങളിൽ രജനീഷ് സന്ദർശനം നടത്തിയിട്ടുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ഇംഗ്ലണ്ടിലെ ട്രാവൽ ഏജൻസിയായ കോക്സ് ആൻഡ് കിങ്സ് കമ്പനിയുടെ ഇന്റർനാഷണൽ ടൂറിസ്റ്റ് ഗൈഡുമാണിദ്ദേഹം. മാത്രമല്ല എക്സ്പ്ലോറർ അഡ്വഞ്ചർ കമ്പനിയുടെ 2019ലെ മികച്ച ടൂറിസ്റ്റ് ഗൈഡ് ലീഡർ എന്ന അന്തർദ്ദേശീയ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
സർക്കാരിന്റെ ഓതറൈസ്ഡ് ഗൈഡാണ് ജിജോ .സി.പി.എം തേക്കടി ബ്രാഞ്ച് സെക്രട്ടറിയും റസിഡൻസ് അസോസ്സിയേഷൻ ഭാരവാഹിയുമാണ്. ഇദ്ദേഹത്തിന്റെ പിതാവ് പി.കെ രാധാകൃഷ്ണൻ ഈ വാർഡിനെ പ്രതിനിധീകരിച്ച് 2000 ൽ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഷാജി കോട്ടയിലാണ് ബി. ജെ. പി സ്ഥാനാർത്ഥി.