തിരുവനന്തപുരം: സദുദ്ദേശ്യത്തോടെ കൊണ്ടുവന്ന പൊലീസ് നിയമഭേദഗതി ദുരുപയോഗിക്കാനിടയുണ്ടെന്ന് ഇടതു സർക്കാരിനെ പിന്തുണയ്ക്കുന്നവരടക്കം ചൂണ്ടിക്കാട്ടിയെന്നും, പൊതുസമൂഹത്തിന്റെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തികരവും വിദ്വേഷകരവുമായ ഉള്ളടക്കവും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് പൊലീസ് ആക്ടിൽ ഭേദഗതി വരുത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രചാരണം വർദ്ധിക്കുകയും, സമൂഹത്തിൽ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ, ഇത് പൊലീസിന് അമിതാധികാരം നൽകുമെന്നും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നുമുള്ള അഭിപ്രായം സർക്കാർ മുഖവിലയ്ക്കെടുത്തു.
സംശയങ്ങളും ആശങ്കകളും ബാക്കിനിൽക്കുന്ന സാഹചര്യത്തിൽ നിയമഭേദഗതി പിൻവലിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് സർക്കാരിന്.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിൽ നിയമത്തിന്റെ അപര്യാപ്തതയുണ്ടെന്നും ആളുകൾ നിയമം കൈയിലെടുക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണെന്നുമായിരുന്നു പൊതു വികാരം . മാദ്ധ്യമ മേധാവികളുടെ യോഗത്തിലും ഉയർന്ന പ്രധാന പരാതി സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗമായിരുന്നു. സ്ത്രീകളെ മോശമായി അധിക്ഷേപിക്കുക, മോശമായ ചിത്രങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുക, ട്രാൻസ്ജെൻഡേഴ്സിനെ അപമാനിക്കുക തുടങ്ങി ഒട്ടനവധി സംഭവങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. പ്രതിപക്ഷം ഉൾപ്പെടെ ആവശ്യപ്പെട്ടത് അതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ്. ഫോട്ടോയും വീഡിയോയുമൊക്കെ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവങ്ങളെ തുടർന്ന് ജീവിതം നഷ്ടപ്പെട്ട ആളുകൾ നമുക്ക് ചുറ്റുമില്ലേ?
മാദ്ധ്യമ പ്രതിനിധികളുടെ യോഗത്തിൽ ഇത്തരം പരാതികൾ ചൂണ്ടിക്കാണിച്ചവരുടെ മാദ്ധ്യമങ്ങളിലെ മുഖപ്രസംഗങ്ങളിലടക്കം, ഈ നിയമഭേദഗതി ദുരുപയോഗിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ആ ആശങ്കകൾ സർക്കാരെന്ന നിലയ്ക്ക് പരിഗണിക്കാതിരിക്കുന്നത് ശരിയല്ല.
മാദ്ധ്യമങ്ങളോട് ശത്രുതയില്ല
പൊതു അഭിപ്രായത്തെ തടസ്സപ്പെടുത്തുകയോ, മാദ്ധ്യമങ്ങളെ തടുത്തുനിറുത്തുകയോ ചെയ്യുക സർക്കാരിന്റെ ഉദ്ദേശ്യമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
57 മുതൽ പല ഘട്ടങ്ങളിലായി ഇവിടെ ഇടതു സർക്കാരുകൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇടതുപക്ഷത്തെ തുടർച്ചയായി എതിർത്തുപോരുന്ന മാദ്ധ്യമങ്ങളുണ്ട്. ശത്രുതാപരമായ എതിർപ്പ് തന്നെ ചില മാദ്ധ്യമങ്ങളിൽ നിന്നുണ്ടായി. ഏതെങ്കിലും ഇടതുപക്ഷ സർക്കാർ, ഏതെങ്കിലും മാദ്ധ്യമത്തോട്, ഏതെങ്കിലും തരത്തിലുള്ള ശത്രുതാ സമീപനം സ്വീകരിച്ചതായി ചൂണ്ടിക്കാണിക്കാനാവുമോ? മാദ്ധ്യമങ്ങൾ വിമർശിക്കുന്നതിനെ ശത്രുതാപരമായി കാണുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.