തിരുവനന്തപുരം: സ്പ്രിംഗ്ളറിനും റീബിൽഡിനും പിന്നാലെ സംസ്ഥാനസർക്കാരിന്റെ കെ-റെയിൽ പദ്ധതിയിലും കൺസൾട്ടൻസി തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
തിരുവനന്തപുരത്തുനിന്ന് കാസർകോട് വരെ 11 ജില്ലകളിലൂടെ 560കിലോമീറ്റർ പുതിയ റെയിൽവേ ലൈൻ നിർമ്മിക്കാൻ 64941കോടിരൂപയുടേതാണ് പദ്ധതി. ഫ്രാൻസ് ആസ്ഥാനമായുള്ള സിസ്ട്ര എന്ന കമ്പനിയെയാണ് കൺസൾട്ടന്റായി നിയമിച്ചിരിക്കുന്നത്. ഇവർക്ക് 27കോടിരൂപയാണ് ചെലവ്. കൺസൾട്ടൻസിക്ക് 12.5കോടിരൂപ നൽകിക്കഴിഞ്ഞു. പദ്ധതി ഇപ്പോൾ നടത്താനാകില്ലെന്ന് കേന്ദ്ര ധനകാര്യവകുപ്പ് സെക്രട്ടറി സംസ്ഥാനസർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നിട്ടും സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കെ.റെയിൽ ഉന്നതാധികാര സമിതി പദ്ധതിക്കായി 1483 ഹെക്ടർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കാനും ഇതിനായി മറ്റൊരു കൺസൾട്ടൻസിയെ നിയമിക്കാനും തീരുമാനിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ ഇതുസംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവയ്ക്കുമെന്നാണ് അറിയുന്നത്. ഉത്തരവിറങ്ങിയാൽ സംസ്ഥാനത്തെ 11ജില്ലകളിലെ 20000 ത്തോളം കുടുംബങ്ങൾ കുടിയൊഴിക്കപ്പെടും. 50000 വ്യാപാരസ്ഥാപനങ്ങൾ പൊളിക്കേണ്ടിവരും. 145ഹെക്ടർ നെൽവയൽ നികത്തണം. ഇതിനാണ് സർക്കാർ അനുമതി നൽകുന്നത്. ഇത്രയും ആഘാതമുണ്ടാക്കുന്ന പദ്ധതിക്ക് കേന്ദ്രമോ പരിസ്ഥിതി, സാമൂഹ്യക്ഷേമ വകുപ്പുകളോ, ഭൂമി ഏറ്റെടുക്കാൻ റവന്യൂവകുപ്പോ അനുമതി നൽകിയിട്ടില്ല. സാമൂഹ്യആഘാത പഠനവും നടത്തിയിട്ടില്ല. കേന്ദ്രാനുമതിയില്ലാത്ത സാഹചര്യത്തിൽ ഭൂമിയേറ്റെടുക്കൽ പോലുള്ള നടപടികളിലേക്ക് കടക്കരുതെന്ന് റവന്യൂമന്ത്രി ചന്ദ്രശേഖരൻ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നിട്ടും നടപടികളുമായി മുന്നോട്ട് പോകാനുള്ള മുഖ്യമന്ത്രിയുടെ നീക്കം ദുരൂഹമാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ നിറുത്തിവയ്ക്കണമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് സർവകക്ഷിയോഗം വിളിച്ച് ചർച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുൻസർക്കാർ നിർദ്ദേശിച്ച ബുള്ളറ്റ് ട്രെയിൻ പദ്ധതി അട്ടിമറിച്ചാണ് പ്രായോഗികമല്ലാത്ത കെറെയിലുമായി പിണറായി സർക്കാർ ഇറങ്ങിയത്. കൺസൾട്ടൻസി തട്ടിപ്പാണിതിന്റെ പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.