തിരുവനന്തപുരം: കിഫ്ബിയിലൂടെ വികസനം നടപ്പാക്കി മുന്നേറുന്ന സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു പിന്നാലെ സി.എ.ജിയെയും വിട്ടിരിക്കുകയാണെന്നും, കിഫ്ബിയെ തകർക്കാൻ അനുവദിക്കില്ലെന്നും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കിഫ്ബിയിൽ സി.എ.ജി.ഒാഡിറ്റ് നടത്തുന്നതിൽ തടസമില്ല. പക്ഷേ, കേരള വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ സി.എ.ജിയുടെ അന്തിമ റിപ്പോർട്ടിൽ വന്നത്. നാടിന്റെ വളർച്ച ഉറപ്പാക്കാൻ കണ്ടെത്തിയ ബദൽ മാർഗമാണ് കിഫ്ബി. ആരെതിർത്താലും കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കില്ല.കിഫ്ബിയെ തകർത്താൽ നാടിനെ തകർക്കാമെന്ന് കരുതുന്നവരുടെ മനോവൈകല്യങ്ങൾക്ക് സർക്കാർ വഴങ്ങില്ല- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രം പണം നൽകുന്നില്ല, വരുമാന സ്രോതസ്സുകൾ അടഞ്ഞു, വിഭവലഭ്യത കുറഞ്ഞു... വികസനത്തിനു പണമില്ലാതെ വന്നപ്പോഴാണ് 1999 ൽ ഇടതു സർക്കാർ കിഫ്ബി രൂപീകരിച്ചത്. പിന്നത്തെ യു.ഡി.എഫ് ഭരണകാലത്ത് നിർജ്ജീവമായിക്കിടന്ന കിഫ്ബിക്ക് ഈ സർക്കാർ നിയമപരിരക്ഷ നൽകി ശക്തിപ്പെടുത്തി. അതിപ്രഗത്ഭമായ ബോർഡാണ് കിഫ്ബിയെ നിയന്ത്രിക്കുന്നത്. മുൻവർഷങ്ങളിൽ 507.06 കോടി, 505.91കോടി,10.74 കോടി എന്നിങ്ങിനെ മൂന്നു തവണ കിഫ്ബി കടംവാങ്ങിയിരുന്നു.ഇതെല്ലാം വകമാറ്റി ചെലവഴിക്കപ്പെട്ടു. ഈ സാഹചര്യം ഒഴിവാക്കാൻ തുക ട്രഷറിയിലിടാതെ ലാഭം കിട്ടുന്ന മറ്റിടങ്ങളിൽ നിക്ഷേപിക്കാൻ അനുമതി നൽകി. നിരീക്ഷണത്തിന് മുൻ സി.എ.ജി വിനോദ് റായിയുടെ സംവിധാനമുണ്ട്. ബഡ്ജറ്റിൽ പ്രഖ്യാപിച്ച് നിയമസഭയുടെ അനുമതിയോടെയാണ് പദ്ധതികളുടെ നിർവഹണം. അല്ലാത്തവയ്ക്ക് മന്ത്രിസഭ അനുമതി നൽകും- മലയോര ഹൈവേ ഉൾപ്പെടെ കിഫ്ബി വഴിയുള്ള വികസനങ്ങൾ എണ്ണിപ്പറഞ്ഞ്, വികാരനിർഭരമായ ശബ്ദത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
കിഫിബി ഇതുവരെ
60,102.51 കോടിയുടെ 821 പദ്ധതികൾ.
ഇതിൽ 20,000 കോടിയുടെ ഭൂമി ഏറ്റെടുക്കൽ.
16,191.54 കോടിയുടെ 433 പദ്ധതികൾ നിർമ്മാണത്തിൽ.
388 പദ്ധതികളുടെ ടെൻഡറിംഗ് പുരോഗമിക്കുന്നു.
ഒാഡിറ്റില്ലെന്നത് കെട്ടുകഥ
കിഫ്ബിയിൽ സി.എ.ജി.ഒാഡിറ്റിന് മുൻകൂർ അനുമതി നൽകിയിട്ടുണ്ട്. 2020 വരെയുള്ള സമ്പൂർണ ഓഡിറ്റ് സി.എ.ജി പൂർത്തിയാക്കി. കിഫ്ബിയുടെ ഇ- ഗവേർണൻസിലേക്ക് സി.എ.ജിക്ക് പ്രവേശനാനുമതി നൽകി. ഓഡിറ്റിനെ തുടർന്നുള്ള എക്സിറ്റ് മീറ്റിനു ശേഷവും സി.എ.ജി കിഫ്ബിയുടെ ഫയലുകൾ ഓൺലൈനായി പരിശോധിക്കാൻ അനുമതി ആവശ്യപ്പെട്ടു. അത് നൽകുകയും ചെയ്തു. ഇൗ സർക്കാരിന്റെ കാലത്ത് നാലു തവണ സി.എ.ജി.ഒാഡിറ്റ് നടത്തി.
പ്രതിപക്ഷനേതാവ് എതിർത്താലും അദ്ദേഹത്തിന്റെ ഹരിപ്പാട് മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കില്ല. ഒരു പ്രതിപക്ഷ എം.എൽ.എയുടെയും മണ്ഡലത്തിലെ ഒറ്റ് കിഫ്ബി പദ്ധതിയും ഉപേക്ഷിക്കില്ല.