കണ്ണൂർ: കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത സ്ഥിതിയിലാണ് കണ്ണൂരിലെ കോൺഗ്രസ്. ജില്ലാ നേതൃത്വം തീരുമാനിച്ച സ്ഥാനാർത്ഥികൾ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തിയിൽ മത്സരിക്കുമ്പോൾ കെ.പി.സി.സി ഇറക്കിയവർക്ക് കിട്ടിയത് ചെണ്ടയും ടേബിൾ ഫാനും കപ്പും സോസറും. സ്ഥാനാർത്ഥികളെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ കെ.പി.സി.സി കണ്ണുരുട്ടിയെങ്കിലും ജില്ലാ നേതൃത്വം വഴങ്ങിയില്ല.
ജില്ലയിൽ മൂന്നിടങ്ങളിലെ സ്ഥാനാർത്ഥികളെ മാറ്റണമെന്ന കെ.പി.സി.സിയുടെ നിർദ്ദേശം ഡി.സി.സി അംഗീകരിക്കാത്തതാണ് പ്രശ്നം. ഇവിടങ്ങളിൽ കൈപ്പത്തി ചിഹ്നത്തിൽ ഡി.സി.സിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ സ്വതന്ത്ര ചിഹ്നത്തിലാണ് കെ.പി.സി.സിയുടെ ആളുകളിറങ്ങുന്നത്. ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും സംസ്ഥാന - അഖിലേന്ത്യാ നേതൃത്വങ്ങൾക്ക് പരാതി നൽകിയിട്ടുമുണ്ട്.
ഏറ്റുമുട്ടുന്നത് രണ്ട് ഡി.സി.സി ജനറൽ സെക്രട്ടറിമാർ
ഇരിക്കൂർ ബ്ലോക്ക് നുച്യാട് ഡിവിഷനിൽ രണ്ട് ഡി.സി.സി ജനറൽ സെക്രട്ടറിമാരാണ് ഏറ്റുമുട്ടുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറി ജോജി വർഗീസ് വട്ടോളിയാണ് കെ.പി.സി.സിയുടെ സ്ഥാനാർത്ഥി. മറ്റൊരു ജനറൽ സെക്രട്ടറി ബേബി തോലാനിക്കൽ ഡി.സി.സിയുടെ സ്ഥാനാർത്ഥി.
പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ പത്താംവാർഡിൽ പി.പി. അഷ്റഫ് കെ.പി.സി.സിയുടെ സ്ഥാനാർത്ഥിയായപ്പോൾ പയ്യാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായ ജോയി പുന്നശേരിമലയെയാണ് ഡി.സി.സി രംഗത്തിറക്കിയത്. തലശേരി നഗരസഭയിലെ തിരുവങ്ങാട് വാർഡിൽ കെ.പി.സി.സിക്കായി യൂത്ത് കോൺഗ്രസ് തലശേരി നിയോജക മണ്ഡലം പ്രസിഡന്റ് ഷുഹൈബും ഡി.സി.സിക്കായി ജിതേഷും മത്സരിക്കും. അതേസമയം കെ.പി.സി.സി നിർദേശം പാലിക്കാത്തവർക്കതിരേയും ഡി.സി.സിക്കെതിരേയും നടപടിയെടുക്കാനാണ് കെ.പി.സി.സിയുടെ നീക്കം.
'കെ.പി.സി.സിയുടെ നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കേണ്ടിവരും. അച്ചടക്കം സംഘടനയിൽ പ്രധാനമാണ്. കണ്ണൂരിലെ വിഷയം അർഹിക്കുന്ന ഗൗരവത്തോടെയാണ് കാണുന്നത്".
- മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രസിഡന്റ്, കെ.പി.സി.സി