തിരുവനന്തപുരം:പൊലീസ് നിയമ ഭേദഗതിയെന്ന കരിനിയമം ഒപ്പ് വച്ച കൈകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുഴിച്ചുമൂടും. വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ മൂന്ന് വർഷം തടവ്, പതിനായിരം രൂപ പിഴ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയുള്ള പൊലീസ് നിയമഭേദഗതി ആവശ്യമില്ലെന്ന് നിയമവകുപ്പ് പുതിയ ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക് അയയ്ക്കുകയും ഗവർണർ അതിൽ ഒപ്പ് വയ്ക്കുകയും ചെയ്യുമ്പോഴാണ് വിവാദ നിയമം ഇല്ലാതാവുക. പുതിയ ഓർഡിനൻസിൽ ഒപ്പിടാതിരിക്കാനും തിരിച്ചയയ്ക്കാനും വിവേചനാധികാരമുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമഭേദഗതി പിൻവലിക്കാനുള്ള റിപ്പീലിംഗ് ഓർഡിനൻസിൽ ഗവർണർ ഒപ്പ് വയ്ക്കുമെന്നാണ് സൂചന.
കൊവിഡ് മുക്തനായ ശേഷം ക്വാറന്റൈനിലായിരുന്ന ഗവർണർ ഇന്നലെ വൈകിട്ട് മുതൽ രാജ്ഭവനിൽ സന്ദർശകരെ കണ്ടുതുടങ്ങി. റദ്ദാക്കൽ ഓർഡിനൻസിനൊപ്പം, വിശദീരണ പത്രിക കൂടി സർക്കാർ സമർപ്പിക്കും. മന്ത്രിമാരോ ചീഫ്സെക്രട്ടറിയോ നേരിട്ടെത്തി വിശദീകരണം നൽകാനും ഇടയുണ്ട്. ഓർഡിനൻസ് പിൻവലിക്കുന്നതായി ഇതുവരെ സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് രാജ്ഭവൻ അറിയിച്ചു. ഗവർണർ ഒപ്പു വച്ച ശേഷം പുതിയ ഓർഡിനൻസ് പുറപ്പെടുവിക്കുമ്പോഴേ, വിവാദ നിയമഭേദഗതി റദ്ദാക്കപ്പെടൂ.
അതിനിടെ, നിയമോപദേശം തേടാതെ വിവാദ ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചതും വിമർശിക്കപ്പെടുന്നുണ്ട്. ഭരണഘടനാ വിരുദ്ധമെന്നും, അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്നും ചൂണ്ടിക്കാട്ടി 2015ൽ സുപ്രീംകോടതി റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66 എ വകുപ്പ്, കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പ് എന്നിവ പുതിയ രൂപത്തിലാക്കിയ നിയമഭേദഗതിയെക്കുറിച്ച് കാര്യമായ പഠനം നടത്താതെ, സർക്കാരിന്റെ ആവശ്യം പരിഗണിച്ച് ഗവർണർ ഒപ്പിടുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഓർഡിനൻസിൽ ഒപ്പിടുന്നത് ഗവർണർക്ക് വൈകിപ്പിക്കാനാവുമായിരുന്നു. സർക്കാരുമായി ഏറ്റുമുട്ടലൊഴിവാക്കാൻ ഗവർണർ സ്വീകരിച്ച നടപടിയെന്നാണ് രാജ്ഭവൻ വിശദീകരിക്കുന്നത്.
റദ്ദാക്കും വരെ നിലനിൽക്കും
പൊലീസ് ആക്ടിലെ ഭേദഗതി റദ്ദാക്കി പുതിയ ഓർഡിനൻസ് ഇറക്കും വരെ നിയമം നിലനിൽക്കും.
നിയമം നടപ്പാക്കേണ്ടെന്ന് ആഭ്യന്തരവകുപ്പിനോട് നിർദ്ദേശിക്കാനോ മരവിപ്പിക്കാനോ സർക്കാരിനോ അധികാരമില്ല. പരാതി കിട്ടിയാൽ കേസെടുക്കാതിരിക്കാൻ പൊലീസിനാവില്ല.
ആരെങ്കിലും കോടതിയെ സമീപിച്ചാൽ കുഴയും. അതിനാൽ നിയമം റദ്ദാക്കൽ വൈകില്ല.
പുതിയ ഭേദഗതി ഉടനടി പ്രാബല്യത്തിൽ വരുമെന്നാണ് ഓർഡിനൻസിലുള്ളത്. സംസ്ഥാനത്ത് ഇപ്പോഴും ഈ നിയമം നിലവിലുണ്ട്.
-ബി.ജി ഹരീന്ദ്രനാഥ്
മുൻ നിയമസെക്രട്ടറി