ന്യൂഡൽഹി : രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാനായി പ്രത്യേകം നിർമിച്ച എയർ ഇന്ത്യ വൺ വിമാനത്തിൽ ആദ്യ യാത്ര നടത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനായി ചെന്നൈയിലേക്കാണ് അദ്ദേഹവും ഭാര്യ സവിത കോവിന്ദും യാത്ര നടത്തിയത്. രാവിലെ 9.15നാണ് രാഷ്ട്രപതി ചെന്നൈയിലെത്തിയത്. റെനിഗുണ്ടയിലെ തിരുപ്പതി വിമാനത്താവളത്തിൽ ഇരുവരും എത്തിയതിന്റെ ചിത്രങ്ങൾ രാഷ്ട്രപതിയുടെ ഓഫീസ് പങ്കുവച്ചിട്ടുണ്ട്. എയർ ഇന്ത്യ വണ്ണിലെ പൈലറ്റുമാർ ഉൾപ്പെടെയുള്ള മുഴുവൻ ടീമിനെയും രാഷ്ട്രപതി അഭിനന്ദിച്ചു.
എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായാണ് എയർ ഇന്ത്യ വൺ വിമാനം നിർമ്മിച്ചിരിക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സുരക്ഷിതയാത്രയ്ക്കായി രണ്ടു ബി 777– 337 ഇആർ വിമാനങ്ങളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
വ്യോമസേന പൈലറ്റുമാർ പറത്തുന്ന വിമാനത്തിന്റെ പരിപാലനം എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എൻജിനീയറിംഗ് സർവീസസിനാണ്. മിസൈൽ പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ സഞ്ചരിക്കുന്ന വൈറ്റ് ഹൗസ് എന്ന 'എയർഫോഴ്സ് വണ്ണിനു' തുല്യമാകും എയർ ഇന്ത്യ വണ്ണും. 1350 കോടി രൂപയ്ക്കാണ് ഈ വിമാനം ഇന്ത്യ യു.എസിൽ നിന്ന് വാങ്ങിയത്.