തിരുവനന്തപുരം: എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയെങ്കിലും പ്ലസ്ടു പരീക്ഷയുടെ മാർക്ക് നൽകാത്തതിനാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാനാവാത്തവർക്കും എൻജിനിയറിംഗ് പ്രവേശനം നൽകാൻ സർക്കാർ ഉത്തരവിറക്കി. ഇവരെ ഉൾപ്പെടുത്തി സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കാനാണ് ഉത്തരവ്. ഇതിനായി യോഗ്യതാ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി നൽകണം. സ്വാശ്രയ എൻജിനിയറിംഗ് കോളേജിലേക്ക് മാത്രമാണ് സപ്ലിമെന്ററി ലിസ്റ്റിൽ നിന്ന് പ്രവേശനം.
പ്ലസ്ടു തത്തുല്യ പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്കാണ് www.cee.kerala.gov.in വെബ്സൈറ്റിൽ നൽകേണ്ടത്. കെമിസ്ട്രി പഠിക്കാത്തവർ കമ്പ്യൂട്ടർ സയൻസിന്റെയും ഇവ രണ്ടും പഠിച്ചിട്ടില്ലാത്തവർ ബയോടെക്നോളജിയുടെയും ഇവ മൂന്നും പഠിച്ചിട്ടില്ലാത്തവർ ബയോളജിയുടെയും മാർക്കാണ് നൽകേണ്ടത്. 27ന് ഉച്ചയ്ക്ക് ഒന്നുവരെ വെബ്സൈറ്റിൽ മാർക്ക് നൽകാം. ഹെൽപ്പ് ലൈൻ- 0471 2525300
എൻജിനിയറിംഗ്:പ്രൊഫൈൽ പരിശോധിക്കണം
തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ ഒന്നാം മോപ് അപ് അലോട്ട്മെന്റിൽ പ്രവേശനം നേടിയവർ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രൊഫൈൽ പരിശോധിക്കണം. പ്രൊഫൈലിൽ പ്രവേശനം നേടിയതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ 25ന് വൈകിട്ട് നാലിനകം കോളേജുമായി ബന്ധപ്പെടണം. ഹെൽപ്പ് ലൈൻ : 0471 2525300.
ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ തുറക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി സർക്കാർ. ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള പരിശീലന കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകി. തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, നൃത്ത വിദ്യാലയങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവയ്ക്ക് ഇനി നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. പഠനം നടക്കുന്ന ഹാളുകളിൽ ഒരേസമയം വിദ്യാർത്ഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50 ശതമാനമോ പരമാവധി 100 വ്യക്തികളോ ആയി പരിമിതപ്പെടുത്തണമെന്നും ദുരന്തനിവാരണ വകുപ്പിൻെറ ഉത്തരവിൽ പറയുന്നു.