നവംബർ 26ന് ഇന്ത്യയിൽ ദേശീയ പണിമുടക്ക് നടക്കും. തൊഴിലാളികൾ സംഘടിത സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്ത് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ശവപ്പറമ്പ് സൃഷ്ടിക്കാനുള്ള വ്യഗ്രതയിലാണ് അവർ. ഇതിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ തുടക്കമാണ് പണിമുടക്ക് .
ജർമ്മൻ ഫാസിസത്തിന്റെ ഇന്ത്യൻ മോഡൽ നടപ്പിലാക്കുക എന്ന സംഘപരിവാറിന്റെ നയമാണ് കേന്ദ്രം ഭരിക്കുന്നവർ നടപ്പാക്കുന്നത്. അതിനവർ സ്വീകരിച്ച ഒറ്റമൂലി പ്രയോഗമാണ് തൊഴിലാളികളുടെ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങളെ അടിച്ചമർത്തുന്ന നിയമങ്ങൾ അടിച്ചേൽപ്പിക്കുക എന്നത്. പൊതുപണിമുടക്ക് ഒരു ചരിത്രസംഭവമായി മാറാനുള്ള രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനില്ക്കുന്നത്. സ്വതന്ത്ര ഭാരതം ഒരിക്കലും നേരിടാത്ത ആഴമേറിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തി. കാർഷിക വ്യാവസായികരംഗം സ്തംഭിച്ചു. സാമ്പത്തിക വളർച്ച നാലുശതമാനമായി നിലംപതിച്ചു. കൊവിഡ് ദുരന്തമാണെന്ന് പറഞ്ഞ് കേന്ദ്രസർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. കേരളത്തിൽ ആയിരക്കണക്കിന് തൊഴിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. തൊഴിൽവകുപ്പിന്റെ കണക്ക് പ്രകാരം സംഘടിത മേഖലയിലും അസംഘടിത മേഖലയിലുമായി ലക്ഷക്കണക്കിന് തൊഴിലാളികൾ തൊഴിൽ രഹിതരായി. കേന്ദ്ര സർക്കാർ പിന്തുടരുന്ന നിഷേധാത്മകമായ നിലപാടുകളാണ് കേരളത്തിലെ സ്ഥിതിഗതികൾ രൂക്ഷമായിത്തീർക്കുന്നത്. ഓഖി, പ്രളയം, നിപ്പ, വീണ്ടും പ്രളയം, കൊവിഡ് ദുരന്തങ്ങളിൽപ്പെട്ട് കേരളം നട്ടംതിരിയുമ്പോൾ സംസ്ഥാന സർക്കാരിനെ സഹായിക്കുന്നതിന് പകരം അട്ടിമറിക്കാനുള്ള നീചമായ രാഷ്ട്രീയ തന്ത്രമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. 1991 മുതൽ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങൾക്ക് നടപടികൾ ആരംഭിച്ചു. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും വിദേശ മൂലധന നിക്ഷേപത്തിനും നിലവിലുള്ള തൊഴിൽ നിയമങ്ങൾ അനുയോജ്യമല്ലെന്നും എല്ലാ തൊഴിൽനിയമങ്ങളും പൊളിച്ചെഴുതണമെന്നുമുള്ള കോർപ്പറേറ്റുകളുടെ മുറവിളിയുടെ മുന്നിൽ നരേന്ദ്രമോദി സർക്കാർ കീഴടങ്ങി.
പ്രതിപക്ഷത്തിന്റെ അഭാവത്തിൽ പുതിയ നാല് ലേബർ കോഡിന്റെ ബില്ല് അവതരിപ്പിച്ചു. കോർപ്പറേറ്റ് മാനേജ്മെന്റുകളുടെ അടിമക്കൂടാരത്തിലേക്ക് തൊഴിലാളികളെ എറിഞ്ഞു കൊടുക്കുക എന്നതാണ് ലേബർ കോഡിന്റെ ലക്ഷ്യം. തൊഴിലാളികൾക്ക് വേണ്ടിയല്ല; മാനേജ്മെന്റുകൾക്കാണ് ലേബർ കോഡ് സംരക്ഷണം നല്കുന്നത്. ലേബർകോഡ് നിലവിൽ വരുന്നതോടെ സംഘടിക്കാനും, കൂട്ടായ വിലപേശലിനുമുള്ള അവകാശങ്ങൾ നഷ്ടപ്പെടുന്നു. നിരവധി ചരിത്ര സംഭവങ്ങളിലൂടെ സമരപോരാട്ടങ്ങളുടെ കനൽ വഴികളിലൂടെ മുന്നോട്ടുപോയ തൊഴിലാളിവർഗം പുതിയ വെല്ലുവിളിയെ നേരിടുന്നു. പുതിയ അവകാശങ്ങൾക്കു വേണ്ടിയല്ല, നിലവിലുള്ള അവകാശങ്ങൾ സംരക്ഷിക്കലാണ് ഇന്നത്തെ കടമ. 1926-ലെ ട്രേഡ് യൂണിയൻ നിയമം ഇവിടെ റദ്ദാക്കപ്പെടുന്നു. കൂട്ടായ വിലപേശലും സമരങ്ങളും പണിമുടക്കങ്ങളും ക്രിമിനൽ കുറ്റമായി കോടതികൾ പരിഗണിച്ചിരുന്നില്ല; കാരണം കൂട്ടായ വിലപേശലും, പണിമുടക്കവും ട്രേഡ് യൂണിയൻ നിയമത്തിന്റെ പരിധിയ്ക്കുള്ളിൽ നിന്ന് നടത്താനുള്ള അവകാശം രജിസ്ട്രേഡ് യൂണിയനുകൾക്ക് അനുവദിച്ചിട്ടുണ്ടെന്ന് കോടതി വിധികൾ വന്നു. ഇതിന് സഹായകരമായി നിലനിന്നത് യൂണിയനുകൾക്കുള്ള അംഗീകാരമായിരുന്നു. 'ലേബർ കോഡ് ' നിലവിൽ വരുന്നതോടെ ഈ അവകാശങ്ങളെല്ലാം തൊഴിലാളികളിൽനിന്ന് കവർന്നെടുക്കപ്പെടുന്നു. സംഘടിക്കുന്നതും സമരം ചെയ്യുന്നതും പണിമുടക്കുന്നതും അതീവ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളായി മാറും. മുതലാളി വർഗം 'ലേബർ കോഡ് '-ന്റെ പേരിൽ തൊഴിലാളികളെ കൈകാലുകൾ ബന്ധിച്ച് അടിമ കൂടാരത്തിലേക്ക് എറിയും. ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും തീഷ്ണമായ കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഇരുൾ മൂടുന്ന ഇന്ത്യയിൽ തൊഴിലാളി വർഗത്തിന്റെ മുന്നിൽ ഒരു പ്രകാശ ഗോപുരം പോലെ ഉയർന്നു നിൽക്കുന്ന ഏക സംസ്ഥാന സർക്കാർ കേരളത്തിലെ എൽ .ഡി.എഫ്. സർക്കാർ മാത്രമാണ്. ഈ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങൾ അരങ്ങേറുന്നു. കേന്ദ്ര സർക്കാരിന്റെ ഏജൻസികൾ സ്വർണക്കടത്ത്, മയക്കുമരുന്ന്, ലൈഫ് മിഷൻ എന്നൊക്കെയുള്ള നുണപ്രചാരണങ്ങളും അന്വേഷണങ്ങളുമായി ഈ സർക്കാരിനെ നേരിടുന്നു.ഇതിന്റെ ചുവടുപിടിച്ച് കോൺഗ്രസും ബി.ജെ.പി.യും അടങ്ങുന്ന ഒരു പുതിയ മുന്നണിയും സർക്കാരിനെതിരെ നിരന്തരം അപവാദങ്ങളുമായി അണിനിരന്നിരിക്കുന്നു. കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ ദേശീയ പൊതുപണിമുടക്കത്തിലേക്ക് നീങ്ങുന്ന ഇന്ത്യൻ തൊഴിലാളി വർഗത്തിന് ആവേശം പകരുമെന്നതിൽ തർക്കമില്ല.