ന്യൂഡൽഹി: വാരണാസിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ബി.എസ്.എഫ് ജവാൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ബി.എസ്.എഫിൽ നിന്ന് പുറത്താക്കിയ തേജ് ബഹാദൂർ യാദവ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
സൈന്യത്തിൽ നിന്ന് പുറത്താക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലെ പെരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ബഹാദൂറിന്റെ ഹർജി തള്ളിയ അലഹാബാദ് ഹൈക്കോടതി വിധി ചീഫ് ജസ്റ്റിസ് എസ്.എബോബ്ഡെ അടങ്ങിയ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
വാരണാസിയിൽ നിന്ന് ലോക്സഭയിലേക്ക് സമാജ്വാദി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തേജ് ബഹാദൂർ നൽകിയ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. ചിലരുടെ സമ്മർദത്തിന് വഴങ്ങിയാണ് പത്രിക തള്ളിയതെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. സൈന്യത്തിലെ പ്രശ്നങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പറഞ്ഞതിന്റെ പേരിൽ 2017ലാണ് തേജ് ബഹാദൂറിനെ പുറത്താക്കിയത്.