'ശാന്തമായി ചിന്തിക്കുക" എന്ന കേരളകൗമുദിയുടെ ഏറെ ശ്രദ്ധേയമായ മുഖപ്രസംഗമാണ് ഈ കുറിപ്പിനാധാരം.
ലോകത്താദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന ഇ.എം.എസ് മന്ത്രിസഭയ്ക്കെതിരെ 1959ൽ നടന്ന വിമോചന സമരത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിൽ ചിലത് ഇങ്ങനെയായിരുന്നു.
''ചാക്കോ നാട് ഭരിക്കട്ടെ,
ചാത്തൻ പൂട്ടാൻ പോകട്ടെ"
''പാളേൽ കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്ന് വിളിപ്പിക്കും"
ഗൗരി.............. പെണ്ണല്ലേ
പുല്ലു പറിക്കാൻ പോയ്ക്കൂടെ
(ഇ.എം.എസ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു കെ.ആർ. ഗൗരിഅമ്മയും ചാത്തനും)
വിമോചന സമരത്തിന് നേതൃത്വം നൽകിയ ഹിന്ദുക്കളിലെ ചില സവർണ വിഭാഗത്തിന്റെയും ക്രിസ്ത്യൻ വിഭാഗത്തിന്റെയും ഉള്ളിലിരുപ്പ് തുറന്ന് കാട്ടുന്നതായിരുന്നു ഈ മുദ്രാവാക്യങ്ങൾ.
പി.എസ്.സിയിലെ പി.കെ. കുഞ്ഞ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസിലെ കെ.എം. ജോർജിന്റെയും ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തിലുള്ള 15 കോൺഗ്രസുകാർ പിന്തുണച്ചു.
അതിനെത്തുടർന്ന് 1964 സെപ്തംബർ 10 ന് ശങ്കർ മന്ത്രിസഭ രാജിവച്ചു. കോൺഗ്രസിൽ നിന്നും കൂറുമാറിയവരാണ് പിൽക്കാലത്ത് കേരളാ കോൺഗ്രസായത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോഴും ജാതിക്കറ പിടിച്ച ചില സവർണ മനസുകൾക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാനായില്ല.
സ്വാതന്ത്ര്യം ലഭിച്ച് 73 സംവത്സരങ്ങൾ പിന്നിട്ടിട്ടും ജാതീയപരമായ ഭേദചിന്തകൾ സമൂഹത്തിൽ വേരോടി നിൽക്കുന്നുവെന്നതാണ് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി.
ആർ. പ്രകാശൻ,
ചിറയിൻകീഴ്