കർണാൽ: ഭാര്യയുമായുള്ള വഴക്കിന്റെ പേരിൽ മക്കളെ കനാലിലേക്ക് എറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കർണാൽ സ്വദേശിയായ ജ്യൂസ് കടയുടമ സുശീൽ കുമാറിനെയാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ഭാര്യ ബേബിയുമായി വഴക്കുണ്ടാക്കിയ സുശീൽ കുമാർ ഏഴും അഞ്ചും മൂന്നും വയസുള്ള കുട്ടികളെ ബൈക്കിലിരുത്തി കനാലിന്റെ ഭാഗത്തേക്ക് പോയി. പ്രദേശവാസികളും പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികളും സുശീലിനെ തടയാൻ ശ്രമിച്ചപ്പോൾ കുട്ടികളെ എടുത്ത് എറിയുകയായിരുന്നു. സുശീലിന്റെ നിരന്തരമുള്ള മദ്യപാനത്തെ ചൊല്ലിയായിരുന്നു വഴക്ക് ആരംഭിച്ചത്. സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. കുട്ടികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഭാര്യയുടെ പരാതിയിൽ കുഞ്ച്പുര പൊലീസ് സുശീലിനെ അറസ്റ്റ് ചെയ്തു. തെറ്റ് സമ്മതിച്ച പ്രതിയെ കോടതി റിമാൻഡ് ചെയ്തു.