മുക്കം: ''തിരഞ്ഞെടുപ്പ് ഒരു തരത്തിൽ യുദ്ധം തന്നെയാണല്ലോ. യുദ്ധത്തിൽ ധർമ്മത്തേക്കാളുപരി തന്ത്രത്തിനാണ് പ്രാധാന്യം. അതുകൊണ്ടു തന്നെ ജയിക്കാൻ എതിരാളിയ്ക്കെതിരെ അസത്യം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അസാധാരണമല്ല. അതുമൊരു തന്ത്രമല്ലേ ''; നടനും എഴുത്തുകാരനുമായ മുക്കം ഭാസി യുക്തിയോടെയാണ് ഈ ചോദ്യമുയർത്തുന്നത്.
മുക്കത്തിന്റെ വീരപുത്രനായി ഇപ്പോഴും അറിയപ്പെടുന്ന ബി.പി.മൊയ്തീന്റെ സഹപാഠിയും ആത്മമിത്രവുമായ മുക്കം ഭാസി ഈ സിദ്ധാന്തം സാധൂകരിക്കുന്നതിന് ചില ഉദാഹരണങ്ങളും നിരത്തുന്നുണ്ട്. ഇന്നും ഓർമ്മയിൽ മങ്ങാതെയുണ്ട് ആ സംഭവം. 43 വർഷം മുമ്പാണ്. മുക്കം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.പി.മൊയ്തീൻ കമ്മ്യൂണിസ്റ്റ് നേതാവായ അതികായനെയാണ് മലർത്തിയടിച്ച് അത്ഭുതം സൃഷ്ടിച്ചത്. 68 വർഷം മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കോഴിപ്പുറത്ത് മാധവമേനോനെ എം.പി.വീരേന്ദ്രകുമാറിന്റെ പിതാവും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പത്മപ്രഭ ഗൗഡർ തോല്പിച്ചത് വലിയ അദ്ധ്വാനം കൂടാതെയാണ്. ഈ രണ്ടു വിജയങ്ങൾക്കു പിന്നിലും തന്ത്രങ്ങളായിരുന്നു എന്നാണ് മുക്കം ഭാസിയുടെ വിലയിരുത്തൽ.
മാധവ മേനോനെതിരെ വെള്ളം ചേർക്കാത്ത നുണ പ്രചരിപ്പിച്ചിരുന്നത് അദ്ദേഹം ഓർക്കുന്നു. അതിലൊന്ന് കുറ്റിപ്പുറം പാലം അദ്ദേഹത്തിന്റെ ഭാര്യ കുട്ടിമാളു അമ്മയുടെ വീട്ടിലേയ്ക്ക് പോകാൻ നിർമ്മിച്ചതാണെന്നായിരുന്നു. മറ്റൊന്ന്, അവരുടെ വീട് ചന്ദനമരം ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും. ഇതൊക്കെ വിശ്വസിച്ച വോട്ടർമാർ അദ്ദേഹത്തെ തോല്പിച്ചു.
മാധവമേനോൻ മദിരാശി നിയമസഭയിൽ മന്ത്രിയായിരിക്കെ നടന്ന സേലം ജയിൽ വെടിവെപ്പിനെ കുറിച്ചും ധാരാളം കഥകൾ പ്രചപ്പിരിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളടക്കം 22 തടവുകാരാണ് അന്ന് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. മരിച്ചെന്നു കരുതിയ കണ്ണൂരിലെ കാന്തലോട്ട് കുഞ്ഞമ്പു ശരിരത്തിൽ വെടിയുണ്ടയും പേറി ഏറെ കാലം ജീവിച്ചതും കേരളത്തിൽ മന്ത്രിയായതും ചരിത്രം. കൊലയാളി മന്ത്രിയെന്നാണ് അക്കാലത്ത് മാധവമേനോനെ ആക്ഷേപിച്ചിരുന്നത്.
ഒരിക്കൽ കുന്ദമംഗലത്തിനടുത്ത് ചെത്തുകടവിലെ പൊതുയോഗ സ്ഥലത്തേക്ക് ജാഥയായി പോകുന്ന കമ്മ്യൂണിസ്റ്റുകാരുടെ മുന്നിൽ പെട്ടുപോയി മാധവമേനോൻ. മുക്കത്തെ ധനാഢ്യൻ ബിരാൻകുട്ടി ഹാജിയെ കാണാൻ പോവുകയായിരുന്നു അദ്ദേഹം. മകൻ മൊയ്തീൻകോയ ഹാജിയെ കോൺഗ്രസ്സിലെത്തിക്കുകയായിരുന്നു ലക്ഷൃം. കൊടി കെട്ടിയ ജീപ്പിൽ മാധവ മേനോനൊപ്പം കുട്ടിമാളു അമ്മയുമുണ്ടായിരുന്നു. മണാശേരിയിൽ വച്ചാണ് ജാഥക്കാർ അവരെ തടഞ്ഞതും കൊലയാളി എന്ന് അധിക്ഷേപിച്ചതും.
മഹാഭാരത യുദ്ധത്തിൽ പോലും ധർമ്മത്തിനു നിരക്കാത്ത എത്രയെത്ര സംഭവങ്ങളാണ് ഇരുപക്ഷത്തു നിന്നുമുണ്ടായത്. കൗരവപക്ഷത്താണ് കൂടുതലെങ്കിലും പാണ്ഡവപക്ഷത്തും കുറവായിരുന്നില്ലല്ലൊ. സത്യം മാത്രം പറയുന്ന യുധിഷ്ഠിരനെ കൊണ്ട് "അശ്വത്ഥാമാ ഹത കുഞ്ജര" എന്നു പറയിച്ചാണ് ദ്രോണാചാര്യരെ വധിച്ചത്. ഗദാ യുദ്ധത്തിൽ ദുര്യോധനന്റെ തുടയ്ക്ക് അടിച്ചതും ശിഖണ്ഡിയെ മുൻനിറുത്തി ഭീഷ്മരെ വീഴ്ത്തിയതുമെല്ലാം ധർമ്മത്തിനു നിരക്കുന്ന പ്രവൃത്തി ആയിരുന്നില്ലല്ലോ.
ഭഗവാൻ കൃഷ്ണൻ തന്നെ പാർത്ഥനെ ഉപദേശിക്കുന്നത് അധർമ്മികളെ ധർമ്മം കൊണ്ടു മാത്രം നേരിടാൻ കഴിഞ്ഞെന്നു വരില്ലെന്നാണ്. ധർമ്മം രക്ഷിക്കാൻ അധർമ്മവും ആവാമെന്ന്. ഈ തത്വം തിരഞ്ഞെടുപ്പുകൾക്കും ബാധകമല്ലേ എന്നാണ് മുക്കം ഭാസിയുടെ ചോദ്യം.