കുട്ടികളിൽ മാനസിക സംഘർഷം കൂടുന്നു
ആലപ്പുഴ: മാനസിക സംഘർഷത്തിന് ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നു. കുട്ടികൾക്ക് പലപ്പോഴും ഈ രോഗാവസ്ഥ തിരിച്ചറിയാൻ പോലും കഴിയുന്നില്ല എന്നതാണ് ദയനീയം. ദേഷ്യം, വിഷാദം, വീട് വിട്ടു പോകൽ, ലഹരി ഉപയോഗം, ആത്മഹത്യാപ്രവണത എന്നിവ മാനസികസംഘർഷത്തിന്റെ പ്രത്യാഘാതങ്ങളാണെന്ന് വിദഗ്ദ്ധർ വിശദീകരിക്കുന്നു.
ലോക്ക്ഡൗൺ കാലത്ത് 18 വയസിന് താഴെയുള്ള കുട്ടികളിൽ സങ്കടം, നിരാശ, ദേഷ്യം തുടങ്ങിയവ വർദ്ധിച്ചതായി രക്ഷാകർത്താക്കൾ പറയുന്നു. വീട്ടിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട സംഘർഷങ്ങളാണ് കുട്ടികളുടെ മാനസിക നിലയെ ബാധിച്ചത്. സഹോദരങ്ങളില്ലാത്ത കുട്ടികൾ ഏകാന്ത തടവുകാരെപ്പോലെയാണ് വീടുകളിൽ കഴിയുന്നത്. 10 വർഷത്തിലേറെയായി മാനസിക പിരിമുറുക്കത്തിന് ചികിത്സ തേടുന്ന വിദ്യാർത്ഥികളുണ്ടെന്നും മനശാസ്ത്രജ്ഞർ പറയുന്നു. ഡിപ്രഷൻ തുടങ്ങിയ മാനസികരോഗങ്ങൾ ടീനേജ് പ്രായത്തിലുള്ളവരിൽ പത്തിലൊന്ന് എന്ന നിരക്കിലുണ്ട്. എന്നാൽ അഞ്ചിലൊരാൾക്ക് മാത്രമേ യഥാസമയം ചികിത്സ ലഭിക്കാറുള്ളൂ. വിഷാദരോഗങ്ങളുടെ ലക്ഷണങ്ങൾ പ്രാരംഭ ദശയിൽതന്നെ മനസിലാക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്.
വിഷാദ രോഗത്തിനടിപ്പെടുന്ന കുട്ടികളിലാണ് ആത്മഹത്യ പ്രവണത വർദ്ധിക്കുന്നത്. വീട്ടിലെ സാഹചര്യങ്ങളും അർഹമായ സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന തോന്നൽ ഇവരിലുണ്ടാകും. മാത്രമല്ല എല്ലാ കാര്യത്തിലുമുള്ള അമിതമായ ആകാംക്ഷ ഉത്കണ്ഠാരോഗത്തിലേക്ക് എത്തിക്കുന്നു. മാനസിക സംഘർഷത്തിന്റെ തോത് വർദ്ധിച്ച് മറവി രോഗം ബാധിക്കാനും ഉറക്കം നഷ്ടപ്പെടാനും സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
എട്ടിൽ ഒരാൾ
പഠനവൈകല്യമുള്ള കുട്ടികൾ, പരീക്ഷകളിൽ മാർക്ക് കുറയുമ്പോഴുണ്ടാകുന്ന അസ്വസ്ഥത, മാതാപിതാക്കൾ ദേഷ്യപ്പെടുമ്പോഴും അദ്ധ്യാപകർ വഴക്കു പറയുമ്പോഴും ഉണ്ടാകുന്ന മാനസിക പിരിമുറുക്കം, പഠനത്തിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും ഒന്നാമതെത്താനുള്ള സമ്മർദ്ദം, കുടുംബത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവ കുട്ടികളെ മാനസികമായി ബാധിക്കുന്നു. സ്കൂൾ, കോളേജ്, പൊതുസ്ഥലം തുടങ്ങിയ ഇടങ്ങളിലെല്ലാം ഉണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടികളിൽ മാനസിക പരിമുറുക്കത്തിന് കാരണമാകുന്നുണ്ട്. രാജ്യത്തെ കണക്ക് പ്രകാരം എട്ടിൽ ഒരു കുട്ടി മാനസികസംഘർഷം നേരിടുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ജില്ലയിൽ മാനസിക സംഘർഷം നേരിടുന്ന കുട്ടികൾക്കായി മെഡിക്കൽ കോളേജ്, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കൗൺസിലിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ ഡി.എം.എച്ച്.പി (ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് പ്രോഗ്രാം) തുടങ്ങിയ പദ്ധതികൾ നിലവിലുണ്ട്.
(ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടികൾ)
2018...........350 പേർ
2019...........450
2020...........550 (ഒക്ടോബർ വരെ)
ആശയ വിനിമയത്തിലെ തകരാറാണ് പല കുടുംബങ്ങളിലെയും പ്രശ്നം. കുട്ടികളോടൊപ്പം തന്നെ മാതാപിതാക്കൾക്കും കൗൺസിലിംഗ് ആവശ്യമാണ്.ലോക്ക്ഡൗൺ കാലത്താണ് കുട്ടികളിൽ ഈ പ്രശ്നം കൂടുതലായി കണ്ടുതുടങ്ങിയത്
(പി.എം. ഷാജി, കൗൺസിലർ)