കൊല്ലം: വനാതിർത്തിയോട് ചേർന്നുകിടക്കുന്ന കുളത്തൂപ്പുഴയിൽ ഒത്തുതീർപ്പില്ലാത്ത പോരാട്ടത്തിലാണ് മൂന്ന് മുന്നണികളും. കോൺഗ്രസിന്റെ ഏരൂർ സുഭാഷ്, സി.പി.ഐയുടെ കെ. അനിൽകുമാർ, ബി.ഡി.ജെ.എസിന്റെ ഏരൂർ സുനിൽ എന്നിവരാണ് മുഖാമുഖം മത്സരിക്കുന്നത്. കുളത്തൂപ്പുഴ പഞ്ചായത്തിലെ 20 വാർഡുകളും അലയമൺ പഞ്ചായത്തിലെ മൂന്ന് വാർഡുകളും തെന്മലയിലെ 16 വാർഡുകളും ആര്യങ്കാവിലെ 18 വാർഡുകളും അടങ്ങുന്നതാണ് കുളത്തൂപ്പുഴ ഡിവിഷൻ.
സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗമായ കെ. അനിൽകുമാർ എ.ഐ.എസ്.എഫിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിക്കുന്നത്. കുളത്തൂപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് ഏരൂർ പഞ്ചായത്തംഗമായിരുന്നു. കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വങ്ങളിൽ സജീവമായിരുന്നു. ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ഏരൂർ സുനിൽ ജില്ലാ നേതൃനിരയിലെ ശ്രദ്ധേയനാണ്. സാമൂഹ്യ വിഷയങ്ങളിൽ സജീവമായ ഇടപെടൽ നടത്തുന്നുണ്ട്. കുളത്തൂപ്പുഴ നിലനിറുത്തുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നതെങ്കിലും വിജയത്തിൽ കുറഞ്ഞ് മറ്റൊന്നും ചിന്തിക്കുന്നില്ലെന്നാണ് കോൺഗ്രസിന്റെയും എൻഡി.എയുടെയും നിലപാട്.
2015ലെ വോട്ട് നില
കെ.ആർ.ഷീജ (സി.പി.ഐ): 20608
വത്സമ്മ കുര്യാക്കോസ് (കോൺഗ്രസ്): 17933
വനജ വിദ്യാധരൻ: 4122