ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് നടന്ന പഞ്ചരത്ന കീർത്തനം തേന്മഴയായി പെയ്തിറങ്ങി. ചെമ്പൈ സംഗീതോത്സവം കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഉപേക്ഷിച്ചെങ്കിലും ദശമി നാളിലെ പഞ്ചരത്ന കീർത്തനം ചടങ്ങായി നടത്തി. 100ൽ അധികം സംഗീതജ്ഞർ ചേർന്ന് ആലപിക്കാറുള്ള പഞ്ചരത്നത്തിന് ഇത്തവണ 11 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഓഡിറ്റോറിയത്തിൽ ആസ്വാദകർക്കും നിയന്ത്രണങ്ങളുണ്ടായിരുന്നു. ഗുരുവായൂർ മുരളിയുടെ നാഗസ്വര കച്ചേരിയോടെയാണ് പഞ്ചരത്നത്തിന് തുടക്കമായത്. തുടർന്ന് ത്യാഗരാജ സ്വാമികളുടെ പ്രശസ്തമായ അഞ്ച് കീർത്തനങ്ങൾ ആലപിച്ചു. ഈ വർഷത്തെ ചെമ്പൈ പുരസ്കാര ജേതാവ് മണ്ണൂർ രാജകുമാരനുണ്ണിയാണ് കച്ചേരി നയിച്ചത്.
ഡോ. ഗുരുവായൂർ മണികണ്ഠൻ, എം.എസ്. പരമേശ്വരൻ, മഹിതാ വർമ്മ, അഭിറാം ഉണ്ണി, ഗുരുവായൂർ ഭാഗ്യലക്ഷ്മി എന്നിവർ കൂടെ പാടി. തിരുവിഴ വിജു എസ്. ആനന്ദ, മാഞ്ഞൂർ രഞ്ജിത്ത് (വയലിൻ), കുഴൽമന്ദം രാമകൃഷ്ണൻ, ഗുരുവായൂർ സനോജ്(മൃദംഗം), മാഞ്ഞൂർ ഉണ്ണികൃഷ്ണൻ (ഘടം) എന്നിവർ പക്കമേളക്കാരായി. ഏകാദശി ദിനമായ ബുധനാഴ്ച രാവിലെ പത്തിന് ചെമ്പൈ പുരസ്കാര ജേതാവ് മണ്ണൂർ രാജകുമാരനുണ്ണിയുടെ കച്ചേരിയും വൈകീട്ട് ഏഴിന് മംഗളഗാന സമർപ്പണവുമുണ്ട്.
ഗജഘോഷയാത്രയും പുഷ്പാര്‍ച്ചനയും
ഗുരുവായൂർ: 44 വർഷം മുമ്പ് ഏകാദശി നാളിൽ ചരിഞ്ഞ ഗജരാജൻ കേശവന്റെ സ്മരണ പുതുക്കി ഗജഘോഷയാത്രയും പുഷ്പാർച്ചനയും നടന്നു. 25ഓളം ആനകൾ പങ്കെടുക്കാറുള്ള ചടങ്ങ് ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് ആനകളെ മാത്രം പങ്കെടുപ്പിച്ചാണ് സംഘടിപ്പിച്ചത്. രാവിലെ ഏഴിന് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്നും കൊമ്പൻ ഇന്ദ്രസെൻ ഗജരത്നം കേശവന്റെ ചിത്രവും, കൊമ്പൻ ബലറാം ഗുരുവായൂരപ്പന്റെ ഛായാചിത്രവും ശിരസിലേറ്റിയുള്ള ഘോഷയാത്ര ആരംഭിച്ചു. ഗുരുവായൂർ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് തെക്കെ നടയിൽ കേശവൻ ചരിഞ്ഞയിടത്തിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയ്ക്ക് മുന്നിലെത്തി പുഷ്പചക്രം സമർപ്പിച്ചു. 1976 ഡിസംബർ രണ്ടിനാണ് ഏകാദശി നാൾ പുലർച്ചെ കേശവൻ ചരിഞ്ഞത്. എല്ലാ വർഷവും ഏകാദശിയുടെ തലേന്ന് ദേവസ്വത്തിന്റെ നേതൃത്വത്തിൽ കേശവൻ അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്.
ചെമ്പൈ സ്മാരക പുരസ്കാരം സമ്മാനിച്ചു
ഗുരുവായൂര്‍: ചെമ്പൈ സ്മാരക പുരസ്കാരം സംഗീതജ്ഞന് മണ്ണൂര്‍ രാജകുമാരനുണ്ണിക്ക് സമ്മാനിച്ചു. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് പുരസ്കാരം സമ്മാനിച്ചു. 50,001 രൂപയും ഗുരുവായൂരപ്പന്റെ മുദ്രയുള്ള പത്ത് ഗ്രാം സ്വര്‍ണ്ണപതക്കവും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. ചെമ്പൈ ഭാഗവതരുടെ ശിഷ്യനും കര്‍ണാടക സംഗീത രംഗത്തെ മുതിര്‍ന്ന കലാകാരനുമാണ് മണ്ണൂര്‍ രാജകുമാരനുണ്ണി. ദേവസ്വം ഭരണ സമിതി അംഗം കെ. അജിത് അദ്ധ്യക്ഷത വഹിച്ചു . ഭരണ സമിതി അംഗം കെ.വി ഷാജി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ഭരണ സമിതി അംഗങ്ങളായ എ.വി പ്രശാന്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഇ.പി.ആർ വേശാല , അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജാകുമാരി എന്നിവർ സംസാരിച്ചു .