തൃശൂർ: നഗരഹൃദയമായ തേക്കിൻകാടും അടുത്തുള്ള ഗാന്ധി നഗർ, കൊക്കാലെ ഡിവിഷനുകളിലും ഇത്തവണ മത്സരത്തിൽ പൊടിപാറും. മൂന്നിടങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മുൻ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ മൂന്നിടങ്ങളിലും മത്സരരംഗത്തുണ്ട്.
തേക്കിൻകാട്
പൂരം കൊട്ടിക്കയറുന്ന തേക്കിൻകാട്ടിൽ സീറ്റ് നിലനിറുത്താൻ ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത് കോട്ടപ്പുറം കൗൺസിലർ ആയിരുന്ന പൂർണിമ സുരേഷിനെയാണ്. എൽ.ഡി.എഫ് ആകട്ടെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ അതേ പേരുള്ള പൂർണിമ ശ്രീറാമിനെ രംഗത്ത് ഇറക്കി. മുൻ കൗൺസിലർ പുല്ലാറ്റ് സരള ദേവിയെയാണ് ഡിവിഷൻ തിരിച്ചു പിടിക്കാൻ നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 183 വോട്ടുകൾക്കാണ് ബി.ജെ.പി ഇവിടെ ജയിച്ചത്. മൂന്ന് മുന്നണികളും ശക്തമായി പ്രചാരണ രംഗത്തുണ്ട്.
ഗാന്ധി നഗർ
യു.ഡി.എഫിന് ഭരണം ലഭിച്ചാൽ മേയറാകാൻ ഏറെ സാദ്ധ്യതയുള്ള രാജൻ പല്ലൻ മത്സരിക്കുന്ന വാർഡ് എന്ന നിലയിൽ ശ്രദ്ധേയമായ ഡിവിഷനാണ് ഗാന്ധി നഗർ. കോൺഗ്രസിന്റെ സിറ്റിംഗ് വാർഡ് കൂടിയായ ഇവിടം തങ്ങളുടെ ഉറച്ച സീറ്റുകളിൽ ഒന്നായാണ് കോൺഗ്രസിനെ കാണുന്നത്. എന്നാൽ ത്രികോണ മത്സരം തങ്ങൾക്ക് അനുകൂലമാകുമെന്ന് എൽ.ഡി.എഫ് പറയുന്നു. ഷോബി. ടി. വർഗീസിനെയാണ് ഇവിടെ എൽ. ഡി. എഫ് മത്സരിപ്പിക്കുന്നത്. കഴിഞ്ഞ തവണ മുൻ മേയർ ഐ.പി പോളിനെ ചെമ്പൂക്കാവിൽ ആട്ടിമറിച്ച കെ. മഹേഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ഡേവിഡ് എന്ന സ്വതന്ത്രനും മത്സരരംഗത്തുണ്ട്.
കൊക്കാലെ
മറ്റ് ഡിവിഷനുകളിൽ നിന്ന് വ്യത്യസ്തമായി സ്ഥാനാർത്ഥികളുടെ എണ്ണം കൊണ്ട് ശ്രദ്ധേയമായ ഡിവിഷനാണ് കൊക്കാലെ. മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമെ മൂന്ന് സ്വതന്ത്രന്മാരും രംഗത്തുണ്ട്. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ ബി.ജെ.പി വിജയം നേടിയ ചരിത്രവുമുണ്ട്. എൽ.ഡി.എഫിലെ ജയനാണ് സ്ഥാനാർത്ഥി. മുൻ കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി ബി.ജെ.പിക്കായി രംഗത്തുള്ളപ്പോൾ മുസ്ലിം ലീഗിലെ അഷ്റഫാണ് യു. ഡി. എഫ് സ്ഥാനാർത്ഥി. മുൻ കോൺഗ്രസ് കൗൺസിലർ ആയിരുന്ന അബ്ദുൾ മുത്തലിഫ് , അൻവർ, ജിനേഷ് കെ. വിശ്വനാഥ് എന്നീ സ്വതന്ത്രർ മത്സരത്തിന് വീറും വാശിയും നൽകാൻ അങ്കത്തട്ടിലുണ്ട്.