പോത്തൻകോട്: തിരുവനന്തപുരം നഗരത്തോട് ചേർന്ന് കിടക്കുന്ന ഗ്രാമപ്രദേശങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പ്രാന്തപ്രദേശ വികസന ഇടനാഴി സർക്കാർ മറന്ന മട്ടിൽ. വിഴിഞ്ഞം പദ്ധതി പൂർത്തിയാകുമ്പോൾ അനുബന്ധമായി രൂപപ്പെടുന്ന വ്യാപാര വാണിജ്യ മേഖലയും സുഗമമായ കാർഗോ നീക്കവും ലക്ഷ്യമിട്ടാണ് 'ഔട്ടർ റിംഗ് റോഡ് " പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. 60 മീറ്റർ വീതിയിൽ ആറുവരിപ്പാത നിർമ്മിക്കാനും പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ലോജിസ്റ്റിക് ഹബുകളും ഇക്കണോമിക്കൽ ആൻഡ് കൊമേഴ്സ്യൽ സോണുകളും നിർമ്മിക്കാനായിരുന്നു ലക്ഷ്യം.
ഇതിനായി ആളൊഴിഞ്ഞ പ്രദേശങ്ങൾക്ക് മുൻഗണന നൽകി 1000 ഏക്കറോളം വരുന്ന സ്ഥലം കണ്ടെത്തുന്നതിനുള്ള ആദ്യഘട്ട സാറ്റലൈറ്റ് സർവേ പൂർത്തിയായിരുന്നു. പദ്ധതി പ്രദേശത്തെ ഗ്രാമ പഞ്ചായത്തുകളെ വിശ്വാസത്തിലെടുക്കാതെയുള്ള സർക്കാർ നടപടിക്കെതിരെ പഞ്ചായത്തുകൾ രംഗത്തെത്തിയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. ജനവാസ മേഖലകൾ ഒഴിവാക്കി ജനങ്ങളെ പൂർണമായി വിശ്വാസത്തിലെടുത്ത് പദ്ധതി യാഥാർത്ഥ്യമാക്കിയാൽ അത് തലസ്ഥാനത്തിന് തന്നെ മുതൽക്കൂട്ടാകും. ഇതിനുള്ള നടപടികളാണ് ഇനി വേണ്ടത്.
പ്രതിസന്ധി ഇങ്ങനെ....
ആദ്യ സർവേയിൽ ദേശീയപാതയിലെ മംഗലപുരം, അണ്ടൂർക്കോണം, പന്തലക്കോട്, കണക്കോട്, വേങ്കോട്, അരുവിക്കര, ചെറിയകൊണ്ണി, ചൊവ്വല്ലൂർ, വിളപ്പിൽശാല, കിള്ളി, തൂങ്ങാംപാറ, മടവൂർപ്പാറ, ചാവടിനട, വെങ്ങാനൂർ, കല്ലുവെട്ടാൻകുഴി, വിഴിഞ്ഞം തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാൽ ജനവാസ മേഖലകളിൽ എതിർപ്പ് രൂക്ഷമായതിനെ തുടർന്ന് നാവായിക്കുളം പാരിപ്പള്ളി വഴിയാക്കി 'ഔട്ടർ റിംഗ് റോഡ് ' പുനഃക്രമീകരിച്ചു. ദേശീയപാതയിൽ മംഗലപുരത്തുനിന്ന് നിർദിഷ്ട റോഡിലേക്ക് ഒരു ബൈപാസ് നിർമ്മിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല.
തർക്കം തീരുന്നില്ല
കാർഷിക ഗ്രാമമായ മംഗലപുരത്തിന്റെ രണ്ട് വില്ലേജുകളിൽ ആകെ ലഭ്യമായ സ്ഥലത്തിന്റെ 70 ശതമാനവും ക്ലേ മൈനിംഗിനായി ഉപയോഗിച്ചെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഇതോടെ പ്രദേശത്തെ കാർഷിക മേഖല നശിച്ചെന്നും അവശേഷിക്കുന്ന നെൽപ്പാടങ്ങൾ ടെക്നോസിറ്റി, ആയുർവേദ ഗ്ലോബൽ വില്ലേജ്, ലൈഫ് സയൻസ് പാർക്ക് തുടങ്ങിയ പദ്ധതികൾക്ക് വിട്ടുനല്കിയതായും ഇവർ പറയുന്നു. ഇനിയൊരു സ്ഥലമെടുപ്പ് ചിന്തിക്കാനാവില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.