തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് പാർട്ടികൾ പണപ്പിരിവ് തുടങ്ങിയതോടെ മിക്കവാറും മുതലാളിമാർ ഇപ്പോൾ ' ഔട്ട് ഓഫ് റീച്ചാണ്'. ലോക്ക് ഡൗൺ വരുമാന നഷ്ടത്തിൽ നിന്ന് കരകയറാൻ മിക്കവർക്കും കഴിഞ്ഞിട്ടില്ല. അപ്പോഴാണ് തിരഞ്ഞെടുപ്പ് എത്തുന്നത്. പതിവുപോലെ നേതാക്കൾക്ക് കൊടുക്കാൻ പണമില്ലാത്തതുകൊണ്ടാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ ഔട്ട് ഓഫ് റീച്ച് ആക്കുകയോ ചെയ്യുകയാണ്. എന്നാലും മുതലാളിമാരെയൊക്കെ തപ്പിപ്പിടിച്ചെത്തുന്ന നേതാക്കളുണ്ട്. ഫണ്ട് തരാൻ കഴിവുള്ളവരെ സ്ഥാനാർത്ഥി കണ്ടെത്തുന്നതിനു മുമ്പു തന്നെ പ്രദേശിക നേതാവ് കണ്ടെത്തി പണം വാങ്ങിയിട്ടുണ്ടാകും. പത്തും പതിനഞ്ചും സ്ഥാനാർത്ഥികൾക്കുവേണ്ടി പിരിക്കുന്ന നേതാക്കന്മാർ വരെയുണ്ട്. ഇതിൽ നിന്നും ചെറിയൊരു ശതമാനം സ്ഥാനാർത്ഥികൾക്ക് കിട്ടിയാൽ ഭാഗ്യം. ഇതിനൊന്നും കണക്കുമില്ല, രസീതുമില്ല. സ്ഥാനാർത്ഥികളായ ചില പാർട്ടികളിലെ ജില്ലാ നേതാക്കന്മാർക്കുവേണ്ടി അവരുടെ പ്രതിനിധികൾ ജില്ല ഒട്ടാകെ പിരിച്ച് നേതാവിന് പണം എത്തിക്കുന്നുണ്ട്. സ്ഥാനാർത്ഥി ബഹുജന സംഘടനകളുടെ ഭാരവാഹിയാണെങ്കിൽ ആ വകയിൽ പണമെത്തും. സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിച്ച നേതാവിനോട് ഫണ്ട് ചോദിച്ചപ്പോൾ നേതാവ് പറഞ്ഞത് ' നിന്നെ സ്ഥാനാർത്ഥിയാക്കിയതു തന്നെ റിസ്ക് എടുത്തിട്ടാണ്. ചെലവൊക്കെ നോക്കി ജയിച്ചാൽ നിനക്കുതന്നെ കൊള്ളാം'. പ്രധാന പാർട്ടികൾക്കുള്ള ഇലക്ഷൻ ഫണ്ടിൽ നിന്നും ഒരു തുക സ്ഥാനാർത്ഥികളുടെ ചെലവിലേക്കുള്ളതാണ്. അത് കൂടുതൽ വാങ്ങിച്ചെടുക്കാനും വേണം കഴിവ്. തദ്ദേശ സ്ഥാപനങ്ങളിൽ വർക്കെടുത്ത് നടത്തുന്ന കോൺട്രാക്ടർമാരാണ് സ്ഥിരമായി ജയിക്കുന്നവരിൽ മിക്കവരുടെയും 'ഇര'. വർക്ക് അനുവദിച്ചതിന്റെ പെൻഡിംഗ് കമ്മിഷനെന്ന പേരിലോ അഡ്വാൻസ് കമ്മിഷനായിട്ടോ ആയിരിക്കും പിരിവ്. ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ അങ്ങോട്ടുചെന്ന് കണ്ട് സഹായിക്കുന്ന മുതലാളിമാരുമുണ്ട്. എങ്കിലല്ലേ ജയിക്കുമ്പോൾ ' സ്മരണ' ഉണ്ടാകുകയുള്ളൂ !.