കിളിമാനൂർ:തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെയും പാർട്ടിക്കാരുടെയും പിരിവ് ഭയന്ന് ഉറക്കം നഷ്ടപ്പെട്ടവർ നാട്ടിൽ നിരവധിയാണ്.സാമ്പത്തിക മാന്ദ്യവും കൊവിഡ് പ്രതിസന്ധിയുമെല്ലാം അതിജീവിക്കുന്നതിനിടെ വരുന്ന തിരഞ്ഞെടുപ്പ് പിരിവ് മറി കടക്കുന്നതെങ്ങനെയെന്ന് തിരിച്ചും മറിച്ചും ആലോചിക്കുകയാണ് ഒട്ടേറെ വ്യാപാരികളും നാട്ടുപ്രമാണിമാരും. മുഖത്തുനോക്കി പിരിവില്ലെന്നും തരില്ലെന്നുമൊക്കെ പറയുക വിഷമകരം. ഇതിന് ചിലപ്പോൾ പണി പിന്നാലെ വരും.അത്തരം പ്രതിസന്ധി മറികടക്കാൻ ചിലർ ഒരു ഉപായം കണ്ടെത്തിയതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് രംഗത്തെ ചില സ്വതന്ത്ര സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥിക്കുപ്പായമിടുക പിരിവുകാർക്ക് മുന്നിലെ ഏറ്റവും വലിയ പ്രതിരോധ മാർഗമെന്ന കണക്കുകൂട്ടലിലാണ് ചില സ്വതന്ത്രർ. സ്ഥാനാർത്ഥിയാണെന്നറിയിക്കാൻ വീടിന് മുന്നിൽ രണ്ട് പോസ്റ്ററും പതിച്ച് വോട്ട് അഭ്യർത്ഥനയും ഒരു സോഷ്യൽ മീഡിയ സന്ദേശവും. പിന്നെ പിരിവ് ചോദിക്കാൻ വേറൊരു സ്ഥാനാർത്ഥി ധൈര്യപ്പെടില്ല.കെട്ടിവച്ച കാശ് പോയാലും നഷ്ടം ആയിരമോ രണ്ടായിരമോ മാത്രം. എല്ലാവർക്കുമായി നൽകേണ്ട തിരഞ്ഞെടുപ്പ് ഫണ്ടിന്റെ വലിപ്പം ആലോചിച്ചാൽ ഇത് നിസാരമെന്ന് പലരും അടക്കം പറയുന്നു.നാട്ടിൽ അറിയപ്പെടുമെന്നും പണപ്പിരിവ് തടയാമെന്നും രണ്ടു മെച്ചവുമുണ്ട്. പിരിവിന് കൂപ്പൺ നൽകിയാണ് പല പ്രധാന പാർട്ടിക്കാർ വരെ സ്ഥാനാർത്ഥികളെ അനുഗ്രഹിച്ച് വിട്ടിരിക്കുന്നത്. പഴയ സാഹചര്യമല്ല പല വമ്പൻമാർക്ക് പോലും ഇനി വോട്ട് ചോദിക്കേണ്ട വാർഡിലെ സാധാരണക്കാരോട് നോട്ട് ചോദിച്ചാലോ കട്ട പണിയാകും.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കിനപ്പുറം കടക്കുന്ന രഹസ്യമാണ് തിരഞ്ഞെടുപ്പ് രംഗത്തെ ചെലവിന് പറയാനുള്ളത്.പിരിവിൽ നിന്ന് രക്ഷനേടാൻ സ്ഥാനാർത്ഥി വേഷമണിഞ്ഞവരാണ് ചില സ്വതന്ത്രരെങ്കിൽ, തിരഞ്ഞെടുപ്പ് ജോലിയിൽനിന്ന് രക്ഷനേടാൻ ചില അദ്ധ്യാപകരും ഈ സൂത്രം നടപ്പാക്കിയിട്ടുണ്ടെന്നാണ് രഹസ്യമൊഴി.