തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘം നോട്ടീസ് അയച്ചിരിക്കുന്നത്.
നേരത്തെ ഇഡി രവീന്ദ്രന് നോട്ടീസ് അയച്ചിരുന്നെങ്കിലും കൊവിഡ് ബാധിതനായതിനാൽ ഹാജരായിരുന്നില്ല.സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലർക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി.
ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി അറസ്റ്റു ചെയ്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ അറസ്റ്റ് സർക്കാരിനെയും സിപിഎമ്മിനെയും കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കൂടി ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ അന്വേഷണ സംഘത്തിന്റെ നടപടികൾ സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്.