കോട്ടയം: ഒരു തണ്ടിലെ രണ്ടിലകളായി തളിർത്തവർ പരസ്പരം പോരടിക്കുകയാണ് കുറവിലങ്ങാട്ട്. ജോസ്, ജോസഫ് വിഭാഗങ്ങൾ പ്രസ്റ്റീജ് ഡിവിഷനായി കരുതുന്ന കുറവിങ്ങാട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മിയും വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യനും നേർക്കുനേർ പൊരുതുമ്പോൾ വിജയത്തിനപ്പുറമൊന്നും ചിന്തിക്കാനേ കഴിയില്ല മുന്നണികൾക്ക്.
യു.ഡി.എഫിന് വളക്കൂറുളള ഡിവിഷനിലെ കേരളാ കോൺഗ്രസ് വേരുകൾ ഇടതുമുന്നണിയിൽ എത്തിയപ്പോൾ ചിത്രം മാറിമറിയുമോയെന്നാണ് കോട്ടയം ഉറ്റുനോക്കുന്നത്.
വനിതാ സംവരണമായ ഇവിടെ യു.ഡി.എഫിനായി കേരളാ കോൺഗ്രസ് (എം, ജോസഫ്) വിഭാഗം നേതാവ് മേരി സെബാസ്റ്റ്യനും എൽ.ഡി.എഫിനായി കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിലെ നിർമല ജിമ്മിയും എൻ.ഡി.എയ്ക്കായി ബി.ജെ.പിയിലെ ലക്ഷ്മി ജയദേവുമാണ് അടർക്കളത്തിൽ.
പരമ്പരാഗത വോട്ടുകൾക്കൊപ്പം പുതു തലമുറയിലെ വോട്ടുകൾ കൂടി ചേരുമ്പോൾ വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും എൽ.ഡി.എഫും. കുറവിലങ്ങാട്, കാണക്കാരി, കടപ്ലാമറ്റം പഞ്ചായത്തുകളും മാഞ്ഞൂർ പഞ്ചായത്തിലെ 11 വാർഡുകളും ഉൾപ്പെടുന്നതാണ് കുറവിലങ്ങാട് ഡിവിഷൻ.
യു.ഡി.എഫ്
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള മേരി സെബാസ്റ്റ്യനിൽ യു.ഡി.എഫ് ചാർത്തിയിരിക്കുന്ന ഉത്തരവാദിത്വം ഡിവിഷൻ നിലനിർത്തുകയെന്നത് മാത്രമാണ്. ജോസ് വിഭാഗത്തിനൊപ്പമായിരുന്ന മേരി ഇപ്പോൾ ജോസഫ് വിഭാഗത്തിലാണ്. പഞ്ചായത്ത് ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ, കുടുംബ കോടതി കൗൺസിലർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ജൈവകർഷക കൂടിയാണ്. രാഷ്ട്രീയ രംഗത്തെ പതിറ്റാണ്ടുകളായുള്ള പ്രവർത്തന പരിചയം തിരഞ്ഞെടുപ്പിൽ മുതൽക്കൂട്ടാകുമെന്നു യു.ഡി.എഫ് പ്രതീക്ഷ.
എൽ.ഡി.എഫ്
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് നിർമ്മല ജിമ്മിയെയാണ് എൽ.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത്. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുണ്ട്. വനിതാ വികസന കോർപ്പറേഷൻ, കേരളാ സ്റ്റേറ്റ് ഹാൻഡികാപ്പ്ഡ് വികസന കോർപ്പറേഷൻ, പാലാ അർബൻ സൊസൈറ്റി എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. കേരളാ കോൺഗ്രസ് ജോസ് വിഭാഗം വനിതാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ്. ഒന്നരപതിറ്റാണ്ടിലേറെയായി രാഷ്ട്രീയ, പൊതുരംഗത്തുള്ള നിർമ്മലയ്ക്ക് ജനങ്ങളിലുള്ള സ്വാധീനം വോട്ടായി മാറുമെന്ന് എൽ.ഡി.എഫ് കരുതുന്നു.
ബി.ജെ.പി
പോളിടെക്നിക് ഡിപ്ളോമക്കാരിയാണ് ബി.ജെ.പി. സ്ഥാനാർത്ഥി ലക്ഷ്മി ജയദേവ്. ഇവരെ വീണ്ടും പരീക്ഷിക്കുമ്പോൾ വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കാൻ കൂടിയാണ് ബി. ജെ. പി. ലക്ഷ്യമിടുന്നത്. രാഷ്ട്രീയ രംഗത്തുണ്ടായിരിക്കുന്ന മാറങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്ന് ബി.ജെ.പി.നേതാക്കൾ പറയുന്നു.
നിർണായകം
ജോസ് ജോസഫ് വിഭാഗങ്ങളിലെ കരുത്തരായ വിനിതകൾ നേർക്കു നേർ
കടുത്തുരുത്തിയിൽ വളക്കൂറുള്ള യു.ഡി.എഫിന് ജോസ് കെ.മാണി വെല്ലുവിളിയാകുമോ
ഇരു മുന്നണി സ്ഥാനാർത്ഥികളും മുൻ ജില്ലാ പഞ്ചായത്തംഗങ്ങൾ