കോട്ടയം: സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യെന്ന് പറഞ്ഞ അവസ്ഥയിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗം. തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന കൃത്യദിവസം ടേബിൾ ഫാനിനു പകരം പാർട്ടിയുടെ അഭിമാന ചിഹ്നമായ രണ്ടില തിരിച്ചു കിട്ടി.
ജോസഫ് വിഭാഗമാകട്ടെ രണ്ടിലയ്ക്കു പകരം വോട്ടർമാരെ ചെണ്ട കൊട്ടി പഠിപ്പിക്കേണ്ട ഗതികേടിലും. വർഷങ്ങളായി മനസിൽ പതിഞ്ഞ കേരള കോൺഗ്രസ് ചിഹ്നമായ രണ്ടില വോട്ടിംഗ് മെഷിനിൽ കണ്ട് മുൻ പിൻ നോക്കാതെ വോട്ടർമാർ വിരൽ അമർത്തിയാൽ പണി പാളുമോയെന്ന ഭീതിയിലുമാണ് ജോസഫ് വിഭാഗം.
പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ജോസ് ആവശ്യപ്പെട്ടിട്ടും വർക്കിംഗ് ചെയർമാനായ ജോസഫ് കൊടുത്തില്ല. കൈതച്ചക്കയെന്ന പുതിയ ചിഹ്നത്തിൽ മത്സരിച്ച ജോസ് വിഭാഗം സ്ഥാനാർത്ഥി തോറ്റു. രണ്ടില കോടതി ജോസിന് കൊടുത്തതോടെ ".കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന" ചൊല്ല് ജോസഫിന്റെ കാര്യത്തിൽ അന്വർത്ഥമായി..
രണ്ടില ചിഹ്നത്തിനായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്തില്ല. രണ്ടില കോടതി മരവിപ്പിച്ചിരുന്നെങ്കിൽ ജോസിനും കിട്ടിയില്ലല്ലോ എന്ന് ആശ്വസിക്കാമായിരുന്നു. കേസ് ഫയലിൽ സ്വീകരിച്ചതല്ലാതെ കോടതി സ്റ്റേ അനുവദിച്ചില്ല. കേസ് നീണ്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിലും രണ്ടില കിട്ടാതെ ചെണ്ട കൊട്ടേണ്ടി വരും. ജോസ് പരാതിപെട്ടാൽ കേരളകോൺഗ്രസ് എം എന്ന പേരും ഉപയോഗിക്കാൻ കഴിയാതെ വരും
ജോസഫ് വിട്ടു കൊടുക്കാതിരുന്ന രണ്ടില ഹൈക്കോടതി അനുവദിച്ചതോടെ ജോസ് വിഭാഗം സ്ഥാനാർത്ഥികൾ രണ്ടില വച്ചുള്ള പോസ്റ്ററും ഫ്ലക്സും തയ്യാറാക്കി ചുവരെഴുത്തും തുടങ്ങി. ജോസഫിന് കേരളകോൺഗ്രസ് എം എന്ന പേര് പോലും ഉപയോഗിക്കാൻ കഴിയാത്ത ഗതികേടാണ് ഉണ്ടായിട്ടുള്ളത്. പാർട്ടി പേര് ജോസഫ് ഉപയോഗിക്കുന്നതിനെതിരായ നീക്കം ജോസ് വിഭാഗം ആരംഭിച്ചിട്ടുമുണ്ട്.
രണ്ടില ചിഹ്നം തിരികെ കിട്ടിയ ആവേശത്തിൽ ജോസ് വിഭാഗം
ചെണ്ട കൊട്ടി പഠിപ്പിക്കേണ്ട ഗതികേടിൽ ജോസഫ് വിഭാഗം
ജോസഫിനു മേൽ അയോഗ്യതയുടെ വാൾ!
ചിഹ്നവും പാർട്ടിയും ജോസിന് അനുകൂലമായി വിധിച്ച കേന്ദ്ര ഇലക്ഷൻ കമ്മിഷൻ വിധിയാണ് ഹൈക്കോടതി ശരിവച്ചത്. ഇടതു സർക്കാരിനെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസപ്രമേയത്തിൽ വിപ്പുലംഘിച്ചുവെന്ന ജോസ് വിഭാഗം പരാതിയെയും ഇതു ബാധിക്കും. പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ നൽകിയ പരാതി അനുസരിച്ച് വിപ്പ് ലംഘിച്ച ജോസഫിനും മോൻസിനും കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതക്കും സാദ്ധ്യതയേറി. സ്പീക്കറുടെ കോർട്ടിലാണ് പന്തിപ്പോൾ . കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി ശരിവെച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ ജോസിന്റെ പരാതി അംഗീകരിച്ചാൽ ജോസഫിന്റെയും മോൻസിന്റെയും എം.എൽ. എ സ്ഥാനം നഷ്ടമാകും . ആറു വർഷത്തേയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയാതെ വരാം.എല്ലാം സ്പീക്കറുടെ തീരുമാനം പോലിരിക്കും .