സ്വന്തം ജനതയുടെ വിശ്വാസം നേടാനായില്ലെങ്കിലും പടിയിറങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ അന്താരാഷ്ട്ര തലത്തിലെ നേട്ടങ്ങളിൽ ഏറ്റവും വലുത് അറബ് ലോകവുമായി ഇസ്രായേലിനുള്ള പിണക്കം മാറ്റാനായി എന്നതാണ്. യു എ ഇക്ക് പുറമേ സൗദി അടക്കമുള്ള രാജ്യങ്ങൾ ഇസ്രായേലിനോട് അടുക്കുകയാണ്. ആഗോളവത്കരണത്തിന്റെ കാലത്ത് വ്യാപാര ബന്ധങ്ങളാണ് രാജ്യങ്ങളെ തമ്മിൽ ഒന്നാക്കിയതെങ്കിൽ ഇസ്രായേൽ അറബ് രാഷ്ട്രങ്ങളുടെ ഇപ്പോഴത്തെ ഐക്യപ്പെടലിൽ സുരക്ഷാ കാരണങ്ങളും പരമ പ്രധാനമാണ്. ഇറാന്റെ പിന്തുണയോടെയുള്ള ഹൂതി വിമതരുടെ ആക്രമണവും, സൗദിയുടെ മുസ്ളീം പരമോന്നത പദവി തട്ടിയെടുക്കാനുള്ള തുർക്കിയുടെ ശ്രമങ്ങളുമെല്ലാം ഇതിന് കാരണമായി ഭവിച്ചു എന്ന് പറയാം. ഇതേ കാരണങ്ങളാൽ തന്നെയാണ് പാകിസ്ഥാനുമായി സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ തെറ്റുവാനും ഇടയായത്.
പാക് ആണവ ശക്തി ലോകത്തിന് ഭാരമാവുന്നു
ആണവ രാഷ്ട്രമായ ഇന്ത്യയോട് പ്രതിരോധം തീർക്കുവാനും, മേഖലയിൽ പവർ ബാലൻസ് നിലനിർത്തുവാനുമാണ് തങ്ങൾ ആണവ രാഷ്ട്രമായതെന്ന് മേനി പറയാറുണ്ട് പാകിസ്ഥാൻ. ആണവ ശക്തി നേടിയ ശേഷം തങ്ങളുടെ മണ്ണിൽ കയറാൻ ഇന്ത്യ ഭയക്കുന്നത് ഇതിനാലാണെന്ന വാദവും ഒരു കാലത്ത് മുഴക്കിയിരുന്നു. (സർജിക്കൽ സ്ട്രൈക്ക്, ബലാക്കോട്ട് ആക്രമണങ്ങളിലൂടെ ഇന്ത്യ ഇതിന് മറുപടി നൽകിയിരുന്നു). അതേ സമയം തീവ്രവാദികളുടെ പ്രഭവ സ്ഥാനമായ പാകിസ്ഥാനിൽ നിന്നും ആണവ ആയുധങ്ങളുടെ കടിഞ്ഞാൺ ലോകസമാധാനത്തിന് എതിരാവുമെന്ന ആശങ്കയാണ് ഇന്ന് ലോക രാജ്യങ്ങൾക്കുള്ളത്. ഉത്തര കൊറിയയ്ക്ക് ആണവ രഹസ്യങ്ങൾ പാകിസ്ഥാൻ ആണവ പിതാവായ ശാസ്ത്രജ്ഞൻ തന്നെ ചോർത്തി നൽകിയതും ഇതിനോട് ചേർത്ത് വയ്ക്കണം.
ആണവ പല്ലുള്ള ഏക മുസ്ളീം രാഷ്ട്രം
ആണവായുധം സ്വായത്തമാക്കിയ ഏക മുസ്ളീം രാഷ്ട്രമാണ് പാകിസ്ഥാൻ, ഇതാണ് ഇസ്രായേൽ അടക്കമുള്ള ശക്തികളെ പാകിസ്ഥാന് മേൽ ഒരു കണ്ണുവയ്ക്കാൻ പ്രേരിപ്പിക്കുന്നത്. അമേരിക്കൻ ഉപരോധങ്ങളുടെ സ്വാധീനത്താൽ ഇന്ത്യ ഇറാനിൽ നിന്നുള്ള പദ്ധതികളിൽ നിന്നും പിന്മാറിയിരുന്നു. ഈ ഒഴിവിലേക്ക് ചൈനയുടെ കടന്നു കയറ്റം ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുകയാണ്. സുന്നി ഷിയ ദ്വയങ്ങളിൽ വിരുദ്ധ ചേരിയിലാണെങ്കിലും ചൈനയുടെ സാമന്ത രാഷ്ട്രമായി കണക്കാക്കുന്ന പാകിസ്ഥാൻ ഇപ്പോൾ ഇറാനുമായി അടുക്കുകയാണ്. ഇതാണ് ഇസ്രായേലിന്റെ ശ്രദ്ധ പാകിസ്ഥാനിൽ പതിയാനുള്ള മറ്റൊരു കാരണം. പൊതു ശത്രുവായ ഇറാനെ ദുർബലമാക്കുന്ന ഏതൊരു ശ്രമത്തിലും സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ എതിർപ്പുയർത്താൻ സാദ്ധ്യതയില്ല. തുർക്കിയെ കൂട്ടുപിടിക്കുന്ന ഇമ്രാന്റെ തന്ത്രങ്ങളിലും സൗദിക്ക് പരസ്യമായ പരിഭവമുണ്ട്. എന്നാൽ ഇത് പാകിസ്ഥാനിൽ ഒരു ഭരണമാറ്റം നടന്നാൽ തീരാവുന്നതേയുള്ളു. യു എ ഇയും ബഹ്റൈനും ഇസ്രായേലുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെ തിരക്കിലാണിപ്പോൾ. ഈ നടപടികളെ പരസ്യമായി എതിർത്തതു വഴി പാകിസ്ഥാൻ അവരുടെ കണ്ണിലെ കരടായി മാറിയിട്ടുണ്ട്.
ലോകത്തിലെ തന്നെ അതിശക്തമായ ചാര സംവിധാനങ്ങളുള്ള ഇസ്രായേലിന് പാകിസ്ഥാനിലെ ഏതൊരു ചലനവും മനസിലാക്കാനാവും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുഹൃദ് രാഷ്ട്രമായ ഇസ്രായേലിൽ നിന്നും ഇനി കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നതിൽ സംശയമില്ല. അതിർത്തിക്കപ്പുറത്തേയ്ക്ക് ഇന്ത്യ ഇസ്രായേൽ ബന്ധം വളരുകയാണ്. ഗ്രീസുമായി ഇന്ത്യയും ഇസ്രായേലും ബന്ധം ശക്തമാക്കിയത് പോലും പാക് തുർക്കി ബന്ധത്തിന് ചെക്ക് വയ്ക്കാനാണെന്നത് പരസ്യമായ രഹസ്യമാണ്. ട്രംപ് ഒഴിയുന്ന സീറ്റിലേക്കെത്തുന്ന ബൈഡൻ എന്ത് ചെയ്യുമെന്ന് ഓർത്ത് ആകാംക്ഷയോടെ ലോകം കാത്തിരിക്കുമ്പോൾ, സുഹൃദ് രാഷ്ട്രങ്ങൾ ലോക സമാധാനത്തിന് ഭീഷണിയായ രാഷ്ട്രങ്ങളെ തിരിച്ചറിഞ്ഞ് ഒന്നായി അണിനിരക്കുകയാണ്.