അഗ്നിപർവതങ്ങളുടെ നാടായ ഐസ് ലാൻഡിൽ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന നിരവധി കാഴ്ചകൾ കാത്തിരിപ്പുണ്ട്. ഐസ് ലാൻഡിന്റെ തെക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണ് വെസ്റ്റ് മാനൈജർ അഥവാ വെസ്റ്റ്മാൻ. അവിടെ ഭീമാകാരനായ ഗജവീരൻ കടലിലിറങ്ങിനിന്ന് തുമ്പിക്കൈ താഴ്ത്തി വെള്ളം കുടിക്കുന്ന കാഴ്ച കാണാം!
നൂറ്റാണ്ടുകളായി നടന്ന അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി ആനയുടെ രൂപം കൈക്കൊണ്ട പാറയാണത്. എലിഫന്റ് റോക്ക് എന്നറിയപ്പെടുന്ന ഈ പാറ ആനയുടെ തലയുടെ ആകൃതിയിലാണ് രൂപപ്പെട്ടത്. ഐസ് ലാൻഡിന്റെ തെക്കൻ തീരത്ത് നിന്ന് 7.4 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്.
ബോട്ടിൽ കയറി ഇവിടേക്ക് എത്തുമ്പോൾ അകലെ നിന്നുള്ള കാഴ്ചയിൽ ആന കടലിൽ തല താഴ്ത്തി നിൽക്കുന്നതായി തോന്നും. ബസാൾട്ട് ശിലകളാണ് പാറയ്ക്ക് രൂപഘടന നൽകുന്നത്. എൽഡ്ഫെൽ അഗ്നിപർവതനിരകളിലൊന്നിലുണ്ടായ സ്ഫോടനത്തെ തുടർന്നാണ് എലിഫന്റ് റോക്ക് രൂപംകൊണ്ടതെന്ന് കരുതപ്പെടുന്നു.
വെസ്റ്റ്മാൻ ദ്വീപുകൾ അഥവാ വെസ്റ്റ്മെനെജർ 15 ദ്വീപുകളുടെയും 30 ഓളം പാറകളുടെയും കൂട്ടമാണ്. 13 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപുകളിൽ ഏറ്റവും വലുത് ഹെയ്മെയ് ആണ്. എലിഫന്റ് റോക്ക് ഇവിടെ കാണാനാകുന്ന നിരവധി സവിശേഷതകളിൽ ഒന്ന് മാത്രം. വെസ്റ്റ്മാൻ ദ്വീപുകളിലെ മുഴുവൻ ദ്വീപസമൂഹവും തെക്കൻ
ഐസ് ലാൻഡും. നിരവധി അഗ്നിപർവത സ്ഫോടനങ്ങളാൽ രൂപപ്പെട്ട ദ്വീപുകൾ ശ്രദ്ധേയമായ ശിലാരൂപങ്ങളാലും സമാനതകളില്ലാത്ത പ്രകൃതിദൃശ്യങ്ങളാലും നിറഞ്ഞിരിക്കുന്നു.
1973 ലാണ് ഇവിടെ അവസാനമായി ഇവിടെ അഗ്നിപർവത സ്ഫോടനം ഉണ്ടായത്. ഇത് ഹെയ്മെയുടെ മുഴുവൻ ജനങ്ങളെയും ഒഴിപ്പിക്കാൻ കാരണമായി. എന്നാൽ, ആ പൊട്ടിത്തെറി ദ്വീപിനെ പുതിയൊരു വിനോദസഞ്ചാരകേന്ദ്രറമാക്കി മാറ്റി.
ഇന്ന് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന് സ്ഫോടനത്തിലുണ്ടായ ഗർത്തവും അതിനോട് ചേർന്നുള്ള മ്യൂസിയവുമാണ്. ദ്വീപ് അഗ്നിപർവത സ്ഫോടനത്തിൽ നിന്ന് എങ്ങനെ രക്ഷിക്കപ്പെട്ടു എന്നതിന്റെ കഥ ഈ മ്യൂസിയത്തിൽ നിന്ന് അറിയാൻ കഴിയും.
എലിഫന്റ് റോക്ക് കൂടാതെ വെസ്റ്റ്മാൻ ദ്വീപുകൾ സന്ദർശിക്കാനുള്ള മറ്റ് കാരണങ്ങൾ അവിശ്വസനീയമായ പക്ഷിമൃഗാദികളും തിമിംഗില നിരീക്ഷണ അവസരങ്ങളുമാണ്. എല്ലാത്തിനുമുപരി, വേനൽക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അറ്റ്ലാന്റിക് പഫിനുകളുടെ കൂടാരമായി ഇവിടം മാറുന്നുവെന്നതുമാണ്. ഫിൻ തിമിംഗിലം, ഓർക്കസ് തുടങ്ങിയ ജീവികളെ കണ്ടെത്തുന്നതിനുള്ള രാജ്യത്തെ ഒന്നാം നമ്പർ ഹോട്ട് സ്പോട്ടുകൂടിയാണിവിടം.