ചങ്ങനാശേരി: അമ്മയും മകനും വോട്ടുതേടിയെത്തുന്നതിലെ കൗതുകത്തിലാണ് മാടപ്പള്ളിക്കാർ.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ തെങ്ങണ ഡിവിഷനിൽ സോമിൻ ബാബു കുട്ടൻചിറയും മാടപ്പള്ളി 12-ാം വാർഡിൽ മകൻ സെറിൻ ബാബുവുമാണ് മത്സരരംഗത്തുള്ളത്. അമ്മയ്ക്ക് വർഷങ്ങളുടെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുണ്ടെങ്കിൽ മകൻ കന്നിക്കാരനാണ്. സ്ത്രീകൾക്കും യുവാക്കൾക്കും തിരഞ്ഞെടുപ്പിൽ മുൻഗണന നൽകണമെന്ന അഭിപ്രായം കോൺഗ്രസിൽ ഉയർന്നുവന്നതോടെ ഇരുവർക്കും നറുക്കു വീഴുകയായിരുന്നു.
അവസാന ദിവസമാണ് സെറിൻ പത്രിക സമർപ്പിച്ചത്. മാടപ്പള്ളി ബ്ലോക്കിലേക്ക് സോമിനിയുടെ പത്രിക നല്കുന്നതിനായി പിതാവ് ബാബുവിന് ഒപ്പം പോയതായിരുന്നു സെറിൻ. അതിനിടെയാണ് സെറിനെ മൽസരിപ്പിച്ചാലെന്താണെന്ന ചിന്ത ഒപ്പമുള്ളവർക്കുണ്ടായത്. രാഷ്ട്രീയം കണ്ടും കേട്ടും വളർന്ന സെറിനും നൂറുവട്ടം സമ്മതം. അങ്ങിനെ അന്നുതന്നെ പത്രിക നൽകി. പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിൽ ബി ടെക് നാലാം വർഷ വിദ്യാർത്ഥിയാണ് സെറിൻ. തെരഞ്ഞെടുപ്പ് ചൂടിലും ഓണേഴ്സ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലുമാണ്.
സോമിനി മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോൺഗ്രസ് (ഐ) ചങ്ങനാശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി, മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ബാങ്ക് വൈസ് പ്രസിഡന്റ്, മുൻ ഡി.സി.സി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരുടെയും ഒന്നാഘട്ട പ്രചാരണം പൂർത്തിയായി.