ചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നതിനിടെ ചെമ്പരപ്പാക്കം റിസർവോയർ തടാകം നിറയുന്നു. ഒരടി കൂടി നിറഞ്ഞാൽ ഇവിടെ നിന്ന് ജലം പുറത്തേക്ക് തുറന്നു വിടും.ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസായ ചെമ്പരമ്പാക്കം തടാകം കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞതിനാൽ തുറന്നുവിടാൻ തീരുമാനിച്ചതായി പൊതുമരാമത്ത് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1000 ചതുരശ്രയടി ജലമാണ് പുറത്തേക്ക് വിടുക. 2015ൽ നഗരത്തിലെ വെളളപ്പൊക്കത്തിന് മുഖ്യകാരണം ഈ റിസർവോയറിന്റെ ഷട്ടർ തുറന്നതായിരുന്നു.
22 അടിയിൽ കൂടുതൽ ജലനിരപ്പ് ഉയർന്നാൽ ഉടൻ തടാകത്തിൽ നിന്ന് ആയിരം ചതുരശ്രയടി വെളളം തുറന്നുവിടുമെന്നാണ് മുന്നറിയിപ്പ്. തടാകത്തിന്റെ ആകെ സംഭരണശേഷി 24 അടിയാണ്. ചെന്നൈ നഗരത്തിലെ അടയാർ നദിക്ക് സമീപത്തുളള ചേരിപ്രദേശങ്ങൾ അടക്കം എല്ലാ താഴ്ന്ന പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടേക്ക് പ്രത്യേക ദൗത്യവുമായി എഞ്ചിനീയർമാരെയും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെയും അയച്ചിട്ടുണ്ട്.
വെളളം നേരെ അടയാറിലേക്കാണ് തുറന്നുവിടുക. ആളന്തൂർ, വൽസരവാക്കം എന്നീ പ്രദേശങ്ങളിലും കനത്ത ജാഗ്രത വേണം. സൈദാപ്പേട്ടിൽ നിന്ന് 150ഓളം പേരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കോട്ടൂർപുരത്തെ ചേരിപ്രദേശത്ത് നിന്ന് തീരത്തിന് തൊട്ടടുത്ത് കഴിയുന്ന മുപ്പതോളം പേരെയും മാറ്റിപ്പാർപ്പിച്ചു. ചെന്നൈ നഗരത്തിൽ മാത്രം 77 ദുരിതാശ്വാസകേന്ദ്രങ്ങളാണുളളത്. തേയ്നാംപേട്ട്, അഡയാർ, കോടമ്പാക്കം എന്നീ പ്രദേശങ്ങളിൽ നിന്നായി മുന്നൂറോളം പേരെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.
ചെമ്പരമ്പാക്കം തുറക്കുന്നത് കണക്കുകൂട്ടി കാഞ്ചീപുരം ജില്ലാ അധികൃതരും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ ജില്ലയിൽ നിന്ന് രണ്ടായിരത്തോളം പേരെ വിവിധ ഇടങ്ങളിലേക്കായി മാറ്റിപ്പാർപ്പിച്ചു. 2015ൽ ചെന്നൈ നഗരത്തെ ആകെ വിഴുങ്ങിയ പ്രളയത്തിന് കാരണം ചെമ്പരമ്പാക്കം അടക്കമുളള തടാകങ്ങൾ കൃത്യം സമയത്ത് തുറക്കാത്തത് ആയിരുന്നു. തിരഞ്ഞെടുപ്പ് വരുന്ന മെയ് മാസം പടിവാതിലിലെത്തി നിൽക്കേ, അന്നത്തെ ഗുരുതരമായ വീഴ്ച ആവർത്തിക്കാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് സർക്കാർ.
പൂണ്ടി, ചോളവാരം, റെഡ് ഹിൽസ്, ചെമ്പരമ്പാക്കം എന്നീ റിസർവോയറുകളിലെ ജലനിരപ്പ് സൂക്ഷ്മമായി സർക്കാർ നിരീക്ഷിക്കുന്നുണ്ട്. കൃത്യമായി വെളളം പുറത്തുപോകുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ 21ന് രൂപപ്പെട്ട ന്യൂനമർദമാണ് നിവാർ ചുഴലിക്കാറ്റായി മാറിയത്. കരയിൽ തൊടുമ്പോൾ മണിക്കൂറിൽ 120-145 കിലോമീറ്റർ വരെയായി ചുഴലിക്കാറ്റിന്റെ വേഗം കുറയും.