SignIn
Kerala Kaumudi Online
Thursday, 04 March 2021 10.10 PM IST

വേണം ഒരു മെഡിക്കൽ ഓംബുഡ്‌സ്മാൻ

ombudsman

സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്ന എല്ലാവരും സമ്പന്നരല്ല. എന്നാൽ അതിസമ്പന്നന്മാർക്കൊഴികെ മറ്റെല്ലാവർക്കും സ്വകാര്യ ആശുപത്രികളിലെ ബിൽ പേടിസ്വപ്നമാണുതാനും. എങ്കിലും പല കാരണങ്ങളാൽ പലരും സ്വകാര്യ ആശുപ്രത്രികളെ ആശ്രയിക്കുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷയുള്ളവരും ഇല്ലാത്തവരുമുണ്ട് അക്കൂട്ടത്തിൽ. കോടികൾ മുടക്കി കെട്ടിടങ്ങൾ പണിത്, വിലയേറിയ അത്യാധുനിക യന്ത്രസാമഗ്രികളും വാങ്ങി സ്ഥാപിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് എല്ലാവർക്കും പ്രാപ്യമാം വിധം താഴ്ത്തിക്കൊണ്ടു വരണമെന്ന വാദം സാമ്പത്തിക യുക്തിക്കു നിരക്കുകയില്ല. മുടക്കുമുതൽ തിരിച്ചുകിട്ടാനും പ്രവർത്തനച്ചിലവിനും ഭീമമായ തുക വേണം. ചികിൽസാ ബില്ലിൽ നിന്നുള്ള വരുമാനമാണ് പ്രധാന സ്രോതസ്സ്. പിന്നെ മരുന്നു വിൽപ്പനയിലെ ലാഭവും.

സ്വകാര്യ ആശുപത്രികളിൽ കിട്ടുന്ന ചികിത്സയുടെ ഔചിത്യത്തെയും ആവശ്യകതയെയും അനിവാര്യതയെയും കുറിച്ച് ഉയരുന്ന പരാതികളാണ് ബിൽത്തുകയെക്കാൾ ആശങ്കാജനകം. ഈയിടെ കോവിഡ് ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട, അഭിഭാഷകൻ ശ്രീ പി. കെ. ശങ്കരൻകുട്ടിയുടെ ഭാര്യ ഒമ്പതു ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരണപ്പെട്ടതിനെക്കുറിച്ചു അദ്ദേഹം തന്നെ ഒരു പ്രമുഖ വാരികയിൽ എഴുതിയിരുന്നു. ആരും ഞെട്ടും അത് വായിച്ചാൽ. നൽകിയ ചികിത്സയുടെ യുക്തിയെ അദ്ദേഹം ആ കുറിപ്പിൽ ചോദ്യം ചെയ്യുന്നുണ്ട്. അഞ്ചു ലക്ഷം രൂപയുടെ ബില്ലടച്ച് മൃതദ്ദേഹം ഏറ്റുവാങ്ങാനായിരുന്നു ആശുപത്രിയിൽ നിന്നുള്ള ഫോൺ നിർദ്ദേശം.

ഒരു പരിചയക്കാരന്റെ എൺപത്തിയാറ് വയസ്സുള്ള അമ്മയെ കാലിൽ രക്തപ്രവാഹം കുറഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോടെ കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് മൂന്നാഴ്ചയായി. ബില്ലു പതിനാറു ലക്ഷം കഴിഞ്ഞു. 'വേണമെങ്കിൽ വീട്ടിൽ കൊണ്ട് പൊയ്‌ക്കോളൂ' എന്ന് ഒടുവിൽ ആശുപത്രി മേധാവികൾ സമ്മതിച്ചു. വേദനസംഹാരി ഗുളികയല്ലാതെ മറ്റൊരു ചികിത്സയുമില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനേക്കാൾ ക്ഷീണിതയും, താൻ കാരണം മക്കൾക്കു പതിനാറു ലക്ഷം പോയല്ലോ എന്ന കുറ്റബോധത്തോടെയും അമ്മ വീട്ടിലേക്ക് പോകണമെന്ന് നിർബന്ധം പിടിച്ചുകൊണ്ടിരിക്കുന്നു.

മറ്റൊരു സംഭവം. എന്റെ ഒരു ബന്ധു, വയസ്സ് തൊണ്ണൂറ്റി ഒന്ന്. ആരോഗ്യം മോശമായിക്കഴിഞ്ഞിരുന്നു. ശ്വാസസതടസ്സവും അകാരണമായ ക്ഷീണവുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻറ്റിലേറ്ററിൽ ഇടേണ്ട എന്ന് ഡോക്ടറോട് പറഞ്ഞു നോക്കി. ഡോക്ടർ ലേശം പുച്ഛത്തോടെ ഞങ്ങളെ നോക്കി. 'അത് ചെയ്യാതെ നിവൃത്തിയില്ല. അതാണ് ചികിത്സയുടെ പ്രോട്ടോകോൾ' എന്ന് പറഞ്ഞ് ഞങ്ങളെ പ്രബുദ്ധരാക്കി. രണ്ടു ദിവസം കഴിഞ്ഞു, രോഗി 'വെള്ളം വെള്ളം' എന്ന് ചോദിക്കാൻ തുടങ്ങി. പക്ഷെ വെൻറ്റിലേറ്ററിലെ രോഗിക്ക് വെള്ളം കൊടുക്കാൻ പറ്റില്ല. ഒടുവിൽ രോഗിയെ വിട്ടുതന്നാൽ മതിയെന്ന് ഞങ്ങൾ നിർബന്ധം പിടിച്ചു. സ്വന്തം ഇഷ്ടപ്രകാരവും ഡോക്ടറുടെ ഉപദേശത്തിന് വിരുദ്ധവുമായാണ് രോഗിയെ ഡിസ്ചാർജ് ചെയ്യുന്നതെന്ന് എഴുതിക്കൊടുത്തും, മൂന്നു ലക്ഷം രൂപയുടെ ബില്ലടച്ചും അദ്ദേഹത്തെ വീട്ടിൽ കൊണ്ട് വന്നു. ഓക്‌സിജൻ കൊടുക്കാൻ ക്രമീകരണമുണ്ടായി. കുടിക്കാൻ വെള്ളം കൊടുത്തു. കഞ്ഞി കുടിച്ചു. നാലാം ദിവസം ഏക മകന്റെ കൈയിൽ നിന്ന് വെള്ളം കുടിച്ച് ആ വയോധികൻ സംതൃപ്തനായി മരണം വരിച്ചു.

എന്താണ് ഒരു രോഗിക്ക് കൊടുക്കേണ്ട ഉത്തമ ചികിത്സ? തീർച്ചയായും രോഗിയുടെ ബന്ധുക്കളല്ല അത് തീരുമാനിക്കേണ്ടത്. ഡോക്ടറുടെ മാത്രം തീരുമാനമാണത്. അനേകം ഘടകങ്ങൾ പരിഗണിച്ചു സ്വീകരിക്കേണ്ട ശാസ്ത്രീയ തീരുമാനം. പക്ഷെ ചെലവേറിയ ചികത്സയും ചെലവ് കുറഞ്ഞ ബദൽ ചികിത്സയും ഉണ്ടെങ്കിൽ ഏതു വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ബന്ധുക്കൾക്കുള്ളതല്ലേ? അവർക്കറിഞ്ഞു കൂടാത്ത കാര്യമായതിനാൽ വസ്തുനിഷ്ഠമായി വിശദീകരിച്ചു കൊടുക്കാനും യുക്തിസഹമായ തീരുമാനമെടുക്കാനും അവരെ ആശുപത്രി അധികൃതർ സഹായിക്കണ്ടേ ?

സ്വകാര്യ ആശുപതികളിൽ ചികിത്സ നേടി സുഖം പ്രാപിച്ചു മടങ്ങിയ അനേകം ആളുകളുണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. പക്ഷെ നൈതികമായ വിശ്വാസ്യത നേടിയെടുക്കാൻ സ്വകാര്യ ആശുപത്രികൾക്ക് പലപ്പോഴും കഴിയുന്നില്ല എന്ന പരമാർത്ഥം കാണാതിരുന്നുകൂടാ . രോഗിയുടെ ബന്ധുക്കളോടുള്ള ആശയവിനിമയത്തിൽ ശ്രദ്ധിക്കുകയും അവർക്കു വിവരങ്ങൾ അറിയാൻ അവകാശമുണ്ടെന്ന് അംഗീകരിക്കുകയും ചെയ്യാത്തിടത്തോളം വിശ്വാസമില്ലയ്മയുടെ നിഴൽ വിട്ടു മാറുകയില്ല.

സ്വകാര്യ ആശുപത്രികളുടെ രജിസ്‌ട്രേഷനും നിയന്ത്രണങ്ങൾക്കുമായി 'കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട്' 2018ൽ കേരള നിയമസഭാ പാസാക്കി. 'പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ക്ലിനിക്കൽ സ്ഥാപനങ്ങൾ നൽകാവുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരം നിർണയിക്കുകയെന്ന ലക്ഷ്യത്തോടെ' നിലവിൽ വന്ന നിയമം സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. അവയുടെ നിലവാരം നിഷ്‌കർഷിക്കുയും പരിശോധനയ്ക്കു അധികാരം നല്കുകയും, ബോധപൂർവം വരുത്തുകയോ അശ്രദ്ധമൂലം സംഭവിക്കുകയോ ചെയ്യുന്ന ചികിത്സാപിഴവുകൾക്കു ശിക്ഷ നിലകുകയും ചെയ്യാനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്. നിയമത്തിന്റെ പ്രയോജനവും പരിരക്ഷയും പൊതുജനനങ്ങൾക്കു ലഭിച്ചു തുടങ്ങിയോ എന്ന് നിശ്ചയമില്ല. നിയമം ഫലപ്രദമായി നടപ്പിലാക്കുകയാണെങ്കിൽ കുറെ പരാതികൾ ഒഴിവാക്കാം.

ഈ നിയമമുണ്ടെങ്കിൽപോലും ചികിത്സയെക്കുറിച്ചുള്ള പരാതികളും സന്ദേഹങ്ങളും ആരോപണങ്ങളും ശാസ്ത്രീയമായും സ്വതന്ത്രമായും വിലയരുത്താൻ അധികാരമുള്ള ഒരു മെഡിക്കൽ ഓംബുഡ്‌സ്മാൻ അനിവാര്യമാണിന്ന്. ന്യായീകരണമില്ലാത്തതും ശാസ്ത്രീയ യുക്തിയില്ലാത്തതുമായ ചികിത്സ നൽകുകയും നൈതിക വീഴ്ചകൾ വരുത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ശിക്ഷയും, രോഗികൾക്ക് നഷ്ടപരിഹാരവും നിശ്ചിത സമയത്തിനുള്ളിൽ വിധിക്കാൻ മെഡിക്കൽ ഓംബുഡ്‌സ്മാന് കഴിയണം. നീതിബോധവും ആധികാരികതയുമുള്ള ഡോക്ടർമാർ നയിക്കുന്ന മെഡിക്കൽ ഓംബുഡ്‌സ്മാൻ സ്വകാര്യ ആശുപത്രികളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുകയും വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യും. സമൂഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു സ്ഥാപനത്തിനും ദീർഘകാലം നിലനിൽക്കാനാവില്ല. തല്ക്കാലം വരുമാനം ഉറപ്പു വരുത്താമെങ്കിലും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIRAKATHIR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.