ഒറ്റപ്പാലം: ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നഗരത്തിലെ രണ്ടാമത്തെ കെട്ടിടവും ഭാഗികമായി പൊളിച്ചുനീക്കി. ആർ.എസ് റോഡ് ജംഗ്ഷനിലെ ഇരുനില കെട്ടിടമാണ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പൊളിച്ചു നീക്കിയത്. സർക്കാർ ഭൂമിയിലാണെന്ന് കണ്ടെത്തിയിരുന്ന ആർ.എസ് റോഡിന് സമീപത്തെ ഇരുനില കെട്ടിടത്തിന്റെ മുൻഭാഗം നേരത്തെ പൊളിച്ചുനീക്കിയിരുന്നു.
ഒഴിയാൻ നോട്ടീസ് നൽകി കാലാവധി തീർന്നതിനെ തുടർന്നാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ അപ്രതീക്ഷിത നടപടി. നാലുവർഷം മുമ്പ് തുടങ്ങിവെച്ച ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ഇനി ഒഴിപ്പിക്കാൻ ബാക്കിയുള്ളത് 16 സ്ഥലങ്ങളാണ്. ഇതിന്റെ സ്ഥലമുടമകളുമായി വാദങ്ങളും പൂർത്തിയായതാണ്. സ്വയം ഒഴിയാമെന്നാണ് എല്ലാവരും അറിയിച്ചിരിക്കുന്നതെന്ന് സബ് കളക്ടർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു. മേലേ പെട്രോൾ പമ്പ് മുതൽ ലക്ഷ്മി തിയേറ്റർ ജംഗ്ഷൻ വരെയാണ് കൈയേറ്റം കണ്ടെത്തിയത്.