കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ വി കെ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ നിന്ന് മാറ്റില്ല. ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന അപേക്ഷ വിജിലൻസ് പിൻവലിച്ചു. ആശുപത്രിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു. മൾട്ടിപിൾ മൈലോമയെന്ന ഗുരതര അർബുദത്തിനാണ് ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്നത്. 19ന് കീമോ തെറാപ്പികഴിഞ്ഞു. ഡിസംബർ മൂന്നിനാണ് ഇബ്രാഹിംകുഞ്ഞിന്റെ അടുത്ത കീമോ.
വി കെ ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷനും പിൻവലിച്ചിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് കോടതി നിയോഗിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷൻ നിലപാട് മാറ്റിയത്. പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇബ്രാഹിം കുഞ്ഞിന് ലേക് ഷോറിലേതിന് സമാനമായ ചികിത്സ നൽകാൻ എറണാകുളത്തെ സർക്കാർ ആശുപത്രികളിൽ സൗകര്യമില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്.
കൊച്ചിയിലെ സർക്കാർ അശുപത്രികളിൽ വൈദഗ്ദ്ധ്യമുളള ഡോക്ടർമാരുടെ അഭാവമുണ്ടെന്ന് പ്രോസിക്യൂഷൻ പറയുന്നു. 33 തവണ ലേക് ഷോറിൽ പരിശോധന നടത്തിയിട്ടുണ്ടെന്നും, ആശുപത്രിയിൽ നിന്ന് മാറ്റിയാൽ അണുബാധയ്ക്ക് സാദ്ധ്യതയുണ്ടെന്നുമാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ അനിതയുടെ നേതൃത്വത്തിലുളള മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ജനറൽ ആശുപത്രിയിലെ അഞ്ച് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ബോർഡ് അംഗങ്ങളാണ്. ജനറൽ മെഡിസിൻ, കാർഡിയോളജി, പൾമണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടർമാരാണ് പാനലിലുളളത്. ഇവർ ഇബ്രാഹിംകുഞ്ഞിനെ ലേക്ഷോർ ആശുപത്രിയിലെത്തി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.