കണ്ണൂർ: മലയോര നഗരമായ ആലക്കോട് ഡിവിഷനിൽ ഇക്കുറി തീപാറും പോരാട്ടം. ഇടതുവലതുമുന്നണികൾക്ക് ആലക്കോട് ഡിവിഷൻ അഭിമാന പോരാട്ടമാണെങ്കിൽ ബി.ജെ.പി പ്രതീക്ഷാപൂർവമാണ് ഇവിടെ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. കഴിഞ്ഞ തവണ എതിരിട്ട കേരള കോൺഗ്രസ് മാണി വിഭാഗം ഇക്കുറി കൂടെയാണെന്നത് ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നു.
കഴിഞ്ഞതവണ യു.ഡി.എഫിലെ സുമിത്രാ ഭാസ്കരൻ 1185 വോട്ടുകൾക്കാണ് ഇടതുസ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. തോമസ് വെക്കത്താനമാണ് ഇക്കുറി യു.ഡി.എഫ് സ്ഥാനാർത്ഥി. ഇടതുമുന്നണിക്ക് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കലും. ഡിവിഷനിൽ മോശമല്ലാത്ത സ്വാധീനമുള്ള ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി കെ.ജെ.മാത്യുവും രംഗത്തുണ്ട്. ജില്ലാപഞ്ചായത്ത് ഭരണം ഇടതിനായിട്ടും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആലക്കോട് ഡിവിഷനിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ ഉയർത്തികാട്ടിയാണ് യു.ഡി.എഫ് വോട്ടർമാരെ സമീപിക്കുന്നത്. ആറ് കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് ഡിവിഷനിൽ യു.ഡി.എഫ് പ്രതിനിധിയായ സുമിത്ര ഭാസ്കരനിലൂടെ നടപ്പിലാക്കിയതെന്ന് യു.ഡി.എഫ് പറയുന്നു. കേന്ദ്രസർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ, കാർഷികാശ്വാസം, സ്ത്രീകൾക്കും കുട്ടികൾക്കും നൽകിയ ധനസഹായം, തൊഴിലുറപ്പ് പദ്ധതി എന്നിവ എടുത്തുകാട്ടിയാണ് ബി.ജെ.പി വോട്ടർമാരെ സമീപിക്കുന്നത്. ആലക്കോട് പഞ്ചായത്ത്, കടന്നപ്പള്ളി പഞ്ചായത്തിലെ അഞ്ചു വാർഡുകൾ, ചപ്പാരപ്പടവ് പഞ്ചായത്ത് ഉൾപ്പെടുന്നതാണ് ഡിവിഷൻ.
സ്ഥാനാർത്ഥി മൊഴി
മലയോരത്ത് ഉൾനാടുകളിൽ ഗതാഗതയോഗ്യമായ റോഡ് നിർമ്മിക്കണം എന്നതാണ് മുഖ്യ അജണ്ട. പ്രളയത്തിൽ തകർന്നടിഞ്ഞ റോഡുകൾ പുനർനിർമ്മിക്കണം. ഒന്നിലേറെ തവണ ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മലയോരത്തെ പ്രശ്നങ്ങൾ അറിയാം. സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻഗണന നൽകും
- തോമസ് വെക്കത്താനം. യു.ഡി.എഫ്.
ഡിവിഷനിൽ കേരള കോൺഗ്രസിന് 2000ൽ അധികം വോട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1185 വോട്ടുകൾക്കാണ് തങ്ങളുടെ കൂടി സഹായത്തോടെ യു.ഡി.എഫ് ജയിച്ചത്. അതുകൊണ്ടുതന്നെ ഇക്കുറി ഇടതുജയം ഉറപ്പാണ്. ഭൂരിപക്ഷം ഉയർത്തുകയെന്നത് മാത്രമാണ് മുന്നിലുള്ള ലക്ഷ്യം.
ജോയി കൊന്നക്കൽ, എൽ.ഡി.എഫ്.
ഇടതു, വലതു മുന്നണികളുടെ രാഷ്ട്രീയ സദാചാരം തുറന്നുകാട്ടും. ഇവരുടെ വിട്ടുവീഴ്ച രാഷ്ട്രീയം ഡൽഹി മുതൽ ആലക്കോട് വരെ കാണാൻ കഴിയും. രാഷ്ട്രീയം നോക്കാത്ത വികസനമാണ് ലക്ഷ്യം.
കെ.ജെ. മാത്യു, ബി.ജെ.പി