നീലേശ്വരം: ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി മാമുനി വിജയൻ നീലേശ്വരത്ത് മത്സരത്തിനിറങ്ങുന്നത് ഇത് നാലാംവട്ടം. രണ്ടുതവണ ജയവും ഒരു വട്ടം തോൽവിയുമടങ്ങുന്ന ഇദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരുതവണ നീലേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി അലങ്കരിച്ച അനുഭവവുമുണ്ട്.
നീലേശ്വരത്ത് നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കഠിനശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. ഇതിനായി മാമുനി വിജയനടക്കമുള്ള പ്രധാന നേതാക്കളെ തന്നെ രംഗത്തിറക്കുകയാണ് യു.ഡി.എഫ്. മുൻമന്ത്രി എൻ.കെ. ബാലകൃഷ്ണൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ജില്ലയിൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു നീലേശ്വരം. എൻ.കെ. അടക്കമുള്ളവരുടെ പിന്നാലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ എത്തി തിളങ്ങിയ നേതാക്കളിൽ പ്രധാനിയുമാണ് ഇദ്ദേഹം.
1985ൽ യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇദ്ദേഹം പൂർണസമയ രാഷ്ട്രീയപ്രവർത്തകനായത്. ഏഴുവർഷം മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചു. പിന്നാലെ ഹോസ്ദുർഗ് നിയോജകമണ്ഡലം പ്രസിഡന്റുമായി.
1995ലാണ് ആദ്യമായി തിരഞ്ഞെടുപ്പിൽ ഇറങ്ങിയത്. അന്ന് നീലേശ്വരം ഗ്രാമപഞ്ചായത്തിലേക്ക് ജയിച്ചുകയറി. 2000ത്തിലും ഗ്രാമപഞ്ചായത്തംഗമായി.1997ൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയിലും അദ്ദേഹം എത്തി. 2010ൽ സ്വന്തം വാർഡായ കടിഞ്ഞിമൂലയിൽ കെ.വി. അമ്പാടിയോട് പരാജയപ്പെട്ടതാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ ഏറ്റ തിരിച്ചടി. അന്ന് കോൺഗ്രസിലെ ഐക്യമില്ലായ്മയാണ് തോൽവിയ്ക്ക് കാരണമായത്.
മാമുനി വിജയൻ നീലേശ്വരം പഞ്ചായത്ത് പ്രസിഡന്റായിരിക്കുന്ന കാലത്താണ് നീലേശ്വരത്തെയും അച്ചാംതുരുത്തി ദ്വീപിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ നടപ്പാലം യാഥാർത്ഥ്യമാക്കിയത്. 315 മീറ്ററാണ് നടപ്പാലത്തിന്റെ നീളം. തിരിക്കുന്ന് ശുദ്ധജല വിതരണ പദ്ധതി, നീലേശ്വരം വില്ലേജ് ഓഫീസിന് സമീപത്തെ ഗാന്ധി സ്മൃതിമണ്ഡപം, എന്നിവയ്ക്ക് പുറമെ നീലേശ്വരത്ത് നിരവധി സർക്കാർ ഓഫീസുകളും സജ്ജമാക്കി.
അർബൻ സഹകരണ സംഘം പ്രസിഡന്റ്, തൈക്കടപ്പുറം ക്ഷീരോല്പാദക സംഘം പ്രസിഡന്റ്, ജില്ലാ ആപ് കോസ് പ്രസിഡന്റ്, ക്ഷീര വികസന വകുപ്പ് ജില്ല കൺസോർഷ്യം അംഗം, ജില്ല ഹോമിയോ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് ഈ 60കാരൻ.
അച്ഛൻ മാമുനി കുഞ്ഞമ്പുവിന്റെ തറവാട് പേര് ചേർത്താണ് മാമുനി വിജയൻ എന്ന പേരിൽ അറിയപ്പെടുന്നത്. ഭാര്യ. പ്രീത. ഖത്തറിൽ എൻജിനീയറായ വിശാഖ് പി. മാമുനി, യു.കെയിൽ എൻജിനിയറിംഗ് പഠനം നടത്തുന്ന വിവേക് പി. മാമുനി എന്നിവർ മക്കളാണ്.