തലശേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തലശേരി മണ്ഡലം മുസ്ലീം ലീഗിൽ പൊട്ടിത്തെറി. ചേറ്റംകുന്ന് വാർഡിൽ വിമത സ്ഥാനാർത്ഥിയായി മത്സര രംഗത്തുള്ള ലീഗ് വനിതാ നേതാവിനെ സസ്പെൻഡ് ചെയ്തതോടെയാണ് നേതൃത്വത്തിലെ ഭിന്നത മറ നീക്കിയത്.
വിമത സ്ഥാനാർത്ഥിക്ക് പിന്തുണയുമായി ഇടതുമുന്നണിയും രംഗത്തെത്തി. ഇതിന്റെ ഭാഗമായി ചേറ്റംകുന്നിൽ മത്സര രംഗത്തുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് എം.കെ. ഹസൻ പത്രിക പിൻവലിച്ചിരുന്നു. മുസ്ലിംലീഗിലെ ജംഷീർ മുഹമ്മദാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി.
വനിതാ ലീഗ് ജില്ലാ നേതാവും നഗരസഭാ പ്രതിപക്ഷ നേതാവുമായിരുന്ന പി.പി. സാജിതയെ പാർട്ടി തീരുമാനവും അച്ചടക്കവും ലംഘിച്ചതിന് പ്രാഥമികാംഗത്വത്തിൽ സസ്പെൻഡ് ചെയ്തതായി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് അറിയിച്ചിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ചേറ്റംകുന്നിൽ നിന്നും കഴിഞ്ഞ തവണ മത്സരിച്ചു ജയിച്ച തന്നെ തഴഞ്ഞ് മുസ്ലിംലീഗ് തലശേരി മണ്ഡലം നേതാവിന്റെ മകനായ ജംഷീറിന് സീറ്റ് നൽകിയെന്നാണ് ഇവരുടെ ആരോപണം.
'മുസ്ലിം ലീഗിൽ പുരുഷ മേധാവിത്വം'
ലീഗ് സംസ്ഥാന നേതൃത്വം സാമാന്യ മര്യാദ കാണിക്കണം.ഇരുപത്തിയൊന്ന് വർഷമായി ലീഗിൽ പ്രവർത്തിക്കുന്നു. പുറത്താക്കിയ വിവരം അറിയിച്ചിട്ടില്ല. കാരണം കാണിക്കൽ നോട്ടീസോ വിശദീകരണമോ ഇതുവരെ ചോദിച്ചിട്ടില്ല. നടപടി ക്രമം പാലിക്കാതെ എങ്ങനെയാണ് പുറത്താക്കുക. ലീഗ് നേതൃത്വം സാമാന്യ മര്യാദ കാണിക്കണം. നവ മാദ്ധ്യമങ്ങളിലൂടെ വലിയ അപവാദ പ്രചരണമാണ് തനിക്കെതിരെ നടക്കുന്നതെന്നും സാജിത പറഞ്ഞു.വാർഡിലെ താമസക്കാർ ഒന്നടങ്കം തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടും സീറ്റ് അനുവദിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും മത്സരിക്കുന്നതെന്നും തലശേരിയിലെ മുസ്ലിം ലീഗിൽ പുരുഷ മേധാവിത്വമാണെന്നും ജയിക്കാൻ ആരുടെ വോട്ടും സ്വീകരിക്കുമെന്നും സാജിത പറയുന്നു.
സാജിത സമ്പന്ന ലോബിയുടെ കൈകളിലാണ്.സമ്പന്നന്റെ ബന്ധുവാണ് സൂക്ഷ്മ പരിശോധന വേളയിൽ അവർക്ക് വേണ്ടി ഹാജരായത്. സാജിത പറയുന്നതെല്ലാം പച്ചക്കള്ളമാണ്. പാല് കൊടുത്ത കൈക്ക് തിരിച്ചുകൊത്തുന്ന നിലപാടാണ് അവരുടേത്. ജനറൽ സീറ്റായ ചേറ്റം കുന്നിൽ ഇത്തവണ പുരുഷ സ്ഥാനാർത്ഥി മത്സരിക്കട്ടെ എന്നും വേണമെങ്കിൽ കുഴിപ്പങ്ങാട്ടോ ടൗൺ ഹാൾ വാർഡിലോ സീറ്റ് അനുവദിക്കാമെന്നും അറിയിച്ചിരുന്നു.
അഡ്വ. കെ. എ.ലത്തീഫ്, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി