തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമ ഭേദഗതി അസാധുവായി. പിൻവലിക്കൽ ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചതോടെ സംസ്ഥാന സർക്കാരിനെ വിവാദത്തിൽ പെടുത്തിയ ഭേദഗതി ഇല്ലാതായിരിക്കുകയാണ്. സംസ്ഥാന മന്ത്രിസഭാ ചരിത്രത്തിലാദ്യമായാണ് റിപ്പീലിംഗ് ഓർഡിനൻസ് (നിയമഭേദഗതി പിൻവലിച്ചുകൊണ്ടുളള ഓർഡിനൻസ്) അവതരിപ്പിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണ് പൊലീസ് നിയമ ഭേദഗതിയെന്ന് ദേശീയ തലത്തിൽ വിമർശനമുയർന്നതോടെയാണ് ഓർഡിനൻസ് പിൻവലിക്കുന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. സി.പി.എമ്മിനുളളിലും ഇടത് മുന്നണിയിലും ജനങ്ങളിലും ഓർഡിനൻസിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഓർഡിനൻസ് നടപ്പാക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രഖ്യാപിച്ചിരുന്നു.
നിയമ ഭേദഗതി ഓർഡിനൻസ് നടപ്പാക്കില്ലെന്നും നിയമസഭ ചേർന്ന ശേഷം ചർച്ചയിലൂടെയേ തീരുമാനിക്കൂ എന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ ഓർഡിനൻസ് പിൻവലിക്കാത്തത് തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് വിശദ ചർച്ചയ്ക്ക് ശേഷം മതി മറ്റൊരു ഓർജിനൻസെന്ന് സർക്കാർ തീരുമാനിച്ചത്. നിയമ ഭേദഗതി ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് മുന്നണിയിലും പൊതുസമൂഹത്തിലും വിമർശനമുയർന്നതാണ് റിപ്പീലിംഗ് ഓർഡിനൻസ് പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്.
സമൂഹമാദ്ധ്യമങ്ങളിലൂടെയുളള അഭിപ്രായങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിച്ചത്. കഴിഞ്ഞ മാസം 21നാണ് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിവാദ പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നത്.