മണ്ണാർക്കാട്: ഒപ്പിടാത്ത കാരണത്താൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് മൂലം ഏറെ ശ്രദ്ധേയമായ നഗരസഭ എട്ടാം വാർഡ് വടക്കേക്കരയുടെ ജനവിധി പ്രവചനാതീതം. സി.പി.എം ഏഴ് വോട്ടിന് വിജയിച്ച സ്ഥലമാണെന്നത് രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ നൽകുന്നു. സി.പി.എമ്മും ബി.ജെ.പിയും തങ്ങളുടെ മുൻനിര സ്ഥാനാർത്ഥികളെ തന്നെയാണ് ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്.
രണ്ട് സ്ഥാനാർത്ഥികളും നിലവിൽ ജനപ്രതിനിധികളാണെന്നതും ശ്രദ്ധേയമാണ്. നഗരസഭ വൈസ് ചെയർമാൻ ടി.ആർ.സെബാസ്റ്റ്യനാണ് എൽ.ഡി.എഫിന് വേണ്ടി മത്സരിക്കുന്നത്. നിലവിലെ കൗൺസിലറും ബി.ജെ.പി ജില്ലാ സമിതി അംഗവുമായ അഡ്വ.പി.എം.ജയകുമാറാണ് ബി.ജെ.പിക്കുവേണ്ടി ഇവിടെ രംഗത്തുള്ളത്.
ഓട്ടോ ചിഹ്നത്തിൽ സെബാസ്റ്റ്യൻ രംഗത്ത് വരുമ്പോൾ താമര ചിഹ്നത്തിൽ തന്നെയാണ് ജയകുമാർ. ആയിരത്തോളം വോട്ടുകളുള്ള വടക്കേക്കരയിൽ ഏറെ ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളും പ്രചാരണത്തിൽ സജീവമായിരുന്നത്. അപ്രതീക്ഷിതമായി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളാനിടയായ സാഹചര്യം കോൺഗ്രസിനെക്കാൾ ഞെട്ടിച്ചത് സി.പി.എം, ബി.ജെ.പി പ്രവർത്തകരെയാണ് എന്നതാണ് യാഥാർത്ഥ്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 150 വോട്ട് കോൺഗ്രസ് നേടിയിരുന്നതിനാൽ ഇതെങ്ങോട്ട് തിരിയും എന്നത് ഇരു സ്ഥാനാർത്ഥികൾക്കും ആശങ്ക സൃഷ്ടിക്കുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളാനിടയായതിന് പിന്നിൽ ഏറെ ദുരൂഹതയും രാഷ്ട്രീയ അടിയൊഴുക്കുകളും ഉണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയും മത്സര രംഗത്തുണ്ട്.