പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം നൽകുന്ന ഡി.വൈ.എഫ് ഐയുടെ ഹൃദയപൂർവം പദ്ധതിക്ക് മൂന്നാണ്ട് തികഞ്ഞു. ഇത് വരെ 15 ലക്ഷം പൊതിച്ചോർ വിതരണം ചെയ്തു. ഡി.വൈ.എഫ്യുടെ യൂണിറ്റ് കമ്മിറ്റികൾ പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ശേഖരിക്കുന്ന പൊതിച്ചോർ ഒരോ മേഖലാ കമ്മിറ്റികളും ഒരോ ദിവസം ജനറൽ ആശുപത്രിയിൽ എത്തിക്കുകയാണ്. ദിവസേന ആയിരം പൊതിച്ചോറുകൾ വിതരണം ചെയ്യും. മൂന്നാം വർഷം തികയുന്ന ഇന്നലെ ചെന്നീർക്കര മേഖലാ കമ്മിറ്റിയാണ് ഭക്ഷണം എത്തിച്ചത്.ഡി.വൈ.എഫ് ഐ ജില്ലാ പ്രസിഡന്റ് സംഗേഷ്. ജി.നായർ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. ഹരീഷ്, പത്തനംതിട്ട ബ്ലോക്ക് സെക്രട്ടറി അനീഷ്.വിശ്വനാഥ്,ബ്ലോക്ക് പ്രസിഡന്റ് അൻസിൽ.അഹമ്മദ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ സാം.മാത്യു, എസ്.ശ്രീജീവ് എന്നിവർ പങ്കെടുത്തു.