പത്തനംതിട്ട: വേട്ടെടുപ്പിന് ഇനി പതിനൊന്ന് ദിവസം ശേഷിക്കെ പ്രചാരണം മുറുകുന്നു. പൊതുയോഗങ്ങൾ ഒഴിവാക്കിയെങ്കിലും വീറിനും വാശിക്കും കുറവില്ല. കുടുംബയോഗങ്ങളിലൂടെ മുന്നേറുകയാണ് മുന്നണികൾ. മൂന്ന് മുന്നണികളുടെയും പ്രമുഖ നേതാക്കൾ വരുംദിവസങ്ങളിൽ ജില്ലയിലെത്തുന്നതോടെ ആവേശം കൊട്ടിക്കയറും.
സ്ഥാനാർത്ഥികൾ ഭവന സന്ദർശനങ്ങളിലാണ്. നേരം പുലരുമ്പോൾ തന്നെ സ്ഥാനാർത്ഥികളും പ്രവർത്തകരും വീടുകളിലെത്തും. മതിലുകളിൽ സ്ഥാനാർത്ഥികൾ ചിരിക്കുന്നു. കയറാനിടമില്ലാത്തവിധം വൈദ്യുതി പോസ്റ്റുകളിലും നിറഞ്ഞു.
യു.ഡി.എഫ് പ്രചരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് എം.എം ഹസൻ ജില്ലയിലെത്തി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നാളെ ഉച്ചയ്ക്ക് രണ്ടിന് റോയൽ ഒാഡിറ്റോറിയത്തിൽ നടക്കുന്ന നഗരസഭാ സ്ഥാനാർത്ഥികളുടെ സംഗമത്തിൽ പങ്കെടുക്കും. തുടർന്ന് തിരുവല്ലയിലെ യോഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജില്ലയിലെ പര്യടനം നാളെ രാവിലെ 10ന് കലഞ്ഞൂരിൽ തുടങ്ങും. പ്രമാടം, പന്തളം, ഇരവിപേരൂർ, കുന്നന്താനം, പെരിങ്ങര എന്നിവിടങ്ങളിൽ കുടുംബസംഗമങ്ങളിൽ പങ്കെടുക്കും.
എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസ് ജില്ലയിൽ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. മുതിർന്ന നേതാക്കൾ അടുത്ത ദിവസങ്ങളിൽ പങ്കെടുക്കും.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നാളെ രാവിലെ എൻ.ഡി.എ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ സംഗമത്തിൽ പങ്കെടുക്കും. കോയിപ്രം,ഇലന്തൂർ എന്നിവിടങ്ങളിൽ യോഗങ്ങളിൽ പങ്കെടുക്കും. മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ കോന്നിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.