തിരുവല്ല: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിക്കുന്ന യുവാവിന് രക്തം ആവശ്യമുണ്ടെന്ന് അറിഞ്ഞപ്പോൾ ശ്രീനിവാസൻ പുറയാറ്റ് തിരഞ്ഞെടുപ്പ് തിരക്കിന് അവധി കൊടുത്തു. നേരെ പോയത് ആശുപത്രിയിലേക്ക്. രക്തം നൽകി മടങ്ങിയെത്തിയാണ് പ്രചാരണം തുടർന്നത്. തിരുവല്ല നഗരസഭ 29ാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാണ് ശ്രീനിവാസൻ. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെങ്ങന്നൂർ കോടുകുളഞ്ഞി ചമ്മത്തുംമുക്കിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോടുകുളഞ്ഞി സ്വദേശിയായ നിബു ഇടുക്കിളയ്ക്കാണ് (24) ശ്രീനിവാസൻ രക്തം നൽകിയത്. ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റ നിബുവിന് എ നെഗറ്റീവ് രക്തം വേണമെന്ന് കാട്ടി സോഷ്യൽ മീഡിയയിൽ വന്ന അറിയിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് തന്റെ രക്തം നൽകാൻ ശ്രീനിവാസൻ തയ്യാറായത്. നിബുവും മാതാവ് കുഞ്ഞുമോളും സഞ്ചരിച്ച ബൈക്കിൽ ഒാട്ടോറിക്ഷാ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ കുഞ്ഞുമോൾ മരിച്ചിരുന്നു.