വെല്ലിംഗ്ടൺ: ന്യൂസിലൻഡിന് ഏറെ അകലെയുള്ള ചത്താം ദ്വീപിൽ 120 ലേറെ തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തു കരയ്ക്കടിഞ്ഞു. കരയിലേക്കെത്തിയ ഇവ മരണപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ചത്താം ഒറ്റപ്പെട്ട ദ്വീപായതിനാൽ കരയിലേക്കെത്തിയ തിമിംഗലങ്ങളെ രക്ഷിക്കാനുമായില്ലെന്നാണ് വിവരം.
97 തിമിംഗലങ്ങളും മൂന്ന് ഡോൾഫിനുകളുമാണ് കൂട്ടത്തോടെ ചത്തത്. കരയ്ക്കെത്തി, ജീവൻ അപകടത്തിലായ മറ്റ് 28 തിമിംഗലങ്ങളേയും മൂന്ന് ഡോൾഫിനുകളെയും ദയാവധത്തിന് വിധേയമാക്കേണ്ടി വന്നെന്നും ന്യൂസിലൻഡ് പരിസ്ഥിതി സംരക്ഷണ വകുപ്പ് (ഡി.ഒ.സി) അധികൃതർ അറിയിച്ചു. കടൽപ്രക്ഷുബ്ദ്ധമായിരുന്നതിനാലും മറ്റു തിമിംഗലങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാലും ഇവയെ കടലിലേയ്ക്ക് തിരിച്ചുവിടാൻ കഴിഞ്ഞില്ല.
ഒറ്റപ്പെട്ട പ്രദേശമായതിനാലും വൈദ്യുതി ഇല്ലാത്തതിനാലും തക്ക നടപടികൾ വേണ്ട സമയത്ത് സ്വീകരിക്കാൻ ഏറെ ബുദ്ധിമുട്ടി. ഞായറാഴ്ച വൈകിട്ടോടെ മാത്രമാണ് റേഞ്ചർമാർക്ക് സംഭവസ്ഥലത്തേക്ക് എത്തിച്ചേരാൻ സാധിച്ചത് - ഡി.ഒ.സി റേഞ്ചർ ജെമ്മ വെച്ച് പറയുന്നു.
ചത്താം ദ്വീപിൽ തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തു കരയ്ക്കടിയുന്നത് പതിവാണെന്ന് അധികൃതർ പറയുന്നു. എല്ലാവർഷവും ശരാശരി 300ലെറെ ഡോൾഫിനുകളും തിമിംഗലങ്ങളും ന്യൂസിലൻഡ് തീരങ്ങളിൽ ചത്ത് കരയ്ക്കടിയുന്നുണ്ടെന്നാണ് കണക്ക്. 1918ൽ ഇത്തരത്തിൽ 1000 സമുദ്രജീവികൾ വരെ ചത്തു കരക്കടിഞ്ഞ സംഭവമുണ്ടായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം എന്തുകൊണ്ടാണ് തിമിംഗലങ്ങൾ കൂട്ടത്തോടെ കരയിലേക്കെത്തുന്നതെന്നതിന് കൃത്യമായ വിശദീകരണം ശാസ്ത്രജ്ഞർക്ക് കണ്ടുപിടിക്കാനായിട്ടില്ല. രോഗബാധ, സഞ്ചരിക്കുന്നതിനിടെ ദിശ തെറ്റിപ്പോകൽ, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ, അപ്രതീക്ഷിത വേലിയേറ്റങ്ങൾ, ശത്രുജീവികളിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പലായനം, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാമാകാം ഇവ കരയിലെത്തുന്നതിനു കാരണമാകുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.