മലയാലപ്പുഴ: ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിൽ മോഡി മത്സരിക്കുന്നുണ്ട്. തെറ്റിദ്ധരിക്കണ്ട. ഇത് ആള് വേറെയാണ്. ജിജോമോഡി.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സമാനമായ പേരാണെങ്കിലും ജിജോ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്. കിഴക്കുപുറം സ്വദേശിയായ ജിജോ നാട്ടുകാർക്ക് മോഡിയാണ്. പിതാവ് ജോർജ് മോഡി കോൺഗ്രസ് പ്രവർത്തകനാണ് . കോന്നി ഗ്രാമപഞ്ചായത്തിലെ കിഴക്കുപുറം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജോർജ് മോഡിയുടെ പേര് കോൺഗ്രസ് പരിഗണിച്ചിരുന്നെങ്കിലും അതേ വാർഡുൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മകൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായതോടെ യു.ഡി.എഫ് ജോർജ് മോഡിയെ ഒഴിവാക്കുകായിരുന്നു. മോഡിയിൽ എന്നാണ് കുടുംബപ്പേര്. ജോർജും ജിജോയും ഇത് പേരിനൊപ്പംചേർക്കുകയായിരുന്നു. പേരിലെ മോഡി പലർക്കും കൗതുകമാണന്ന് ജിജോ പറയുന്നു. ഒരു തവണ സെക്രട്ടേറിയറ്റിൽ ചെന്നപ്പോൾ രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥ നിങ്ങൾ പി.എമ്മിന്റെ ആളാണോയെന്ന് തമാശയായി ചോദിച്ചു. പി.എമ്മിന്റെയല്ല , ഞാൻ സി.എമ്മിന്റെ ആളാണെന്നായിരുന്നു ജിജോയുടെ മറുപടി. വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെയാണ് ജിജോ രാഷ്ട്രീയത്തിൽ സജീവമായത്. സി.പി. എം കോന്നിതാഴം ലോക്കൽ കമ്മറ്റി സെക്രട്ടറിയായും സ്വകാര്യ ന്യൂസ് ചാനലിൽ കാമറമാനായും പ്രവർത്തിച്ചിട്ടുണ്ട്.