വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറ് കോടി ( 60,168,65 ) കവിഞ്ഞു. വേൾഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം ഇതുവരെ 1,416,120 പേർ മരിച്ചു. 41,622,740 പേർ രോഗമുക്തരായി. അമേരിക്കയാണ് കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമത്. അമേരിക്കയിൽ ഇതുവരെ 12,956,783 കേസുകൾ റിപ്പോർട്ട് ചെയ്തു. 265,956 പേർ മരിച്ചു. അമേരിക്കയിൽ ആശുപത്രികളെല്ലാം കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. സംസ്കരിക്കാൻ സ്ഥലമില്ലാത്തത് മൂലം ന്യൂയോർക്കിൽ ട്രക്കുകളിൽ കൊവിഡ് മൃതദേഹങ്ങൾ ഏപ്രിൽ മുതൽ സൂക്ഷിക്കുന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലെ സ്ഥിതിയും രൂക്ഷമാണ്. റഷ്യയിൽ ഇന്നലെ മാത്രം 23,675 കേസുകൾ റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ രാജ്യങ്ങളിൽ രണ്ടാം ഘട്ട വ്യാപനം ശക്തമാണ്. രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കാനായില്ലെങ്കിൽ യൂറോപ്പിൽ മൂന്നാം ഘട്ട വ്യാപനം അനിയന്ത്രിതമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ഓക്സ്ഫഡ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സ്പുട്നിക് 5 കൊവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് റഷ്യയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.