നിറയെ തെറ്റെന്ന പരാതി അവഗണിച്ചു
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ ഗവേഷണ പ്രബന്ധം മൗലികമല്ലെന്നും നൂറു കണക്കിന് ഉദ്ധരണികൾ പകർത്തിയെഴുതിയാണെന്നുമുള്ള പരാതി പരിശോധിക്കാൻ പോലും തയാറാകാതെ, ഗവേഷണ ബിരുദം ചട്ടപ്രകാരം നൽകിയതാണെന്ന് കേരള സർവകലാശാല രജിസ്ട്രാർ പരാതിക്കാരെ അറിയിച്ചു.
മന്ത്രിയുടെ പ്രബന്ധത്തിൽ മുഴുവനും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമാണെന്നും പ്രബന്ധവിഷയത്തിൽ ഗവേഷകന്റെ മൗലിക സംഭാവനകൾ ഒന്നുമില്ലെന്നുമായിരുന്നു പരാതി. വിശദമായി പരിശോധിച്ച് നടപടിയെടുക്കാൻ ഗവർണർ കേരള വി.സിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പരാതിയിൽ ഉന്നയിച്ചിരുന്ന കാര്യങ്ങൾ അന്വേഷിക്കാൻ വി.സി തയാറായില്ലെന്നാണ് ആക്ഷേപം. എല്ലാം ചട്ടപ്രകാരമെന്ന മറുപടി നൽകുകയും ചെയ്തു. ചട്ടപ്രകാരമാണോയെന്ന് പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടില്ലായിരുന്നു.
മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പങ്കിനെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് ജലീലിന് ഡോക്ടറേറ്റ് ലഭിച്ചത്. കായംകുളം എം.എസ്.എം കോളേജ് ചരിത്രവിഭാഗം പ്രൊഫസർ ഡോ.ടി ജമാൽ മുഹമ്മദായിരുന്നു ഗൈഡ്. മൂന്ന് വിദഗ്ദ്ധരുടെ പരിശോധനയും ഓപ്പൺ ഡിഫൻസും നടത്തിയശേഷമാണ് 2006ൽ ജലീലിന് ഗവേഷണബിരുദം നൽകിയത്. സർവകലാശാലാ ചട്ടങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നാണ് രജിസ്ട്രാറുടെ മറുപടി.
പ്രബന്ധത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തിയ ശേഷമേ ഡോക്ടറേറ്റ് നൽകാൻ പാടുള്ളൂ. ഈ പ്രബന്ധങ്ങൾ പിൽക്കാലത്ത് ഗവേഷണ വിദ്യാർത്ഥികൾ റഫറൻസിന് ഉപയോഗിക്കുമ്പോൾ തെറ്റുകൾ ആവർത്തിക്കാതിരിക്കാനാണ് സർവകലാശാല ഈ നിബന്ധന വച്ചിട്ടുള്ളത്. എന്നാൽ ജലീലിന്റെ പ്രബന്ധത്തിലെ തെറ്റുകൾ നീക്കം ചെയ്യിക്കാൻ തയാറായിട്ടില്ല. യു.ജി.സി നിർദ്ദേശപ്രകാരം, പ്രബന്ധങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. മന്ത്രിയുടെ പ്രബന്ധം അപ്ലോഡ് ചെയ്തിട്ടില്ല.
വിദഗ്ദ്ധ സമിതിയെ വയ്ക്കണം
പ്രബന്ധം അപ്ലോഡ് ചെയ്യുന്നതിന് മുൻപ് തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സർവകലാശാലയുടെ സൽപ്പേരിനു കളങ്കമാവുമെന്നു സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പ്രബന്ധം പരശോധിക്കാൻ അദ്ദേഹം തന്നെ പ്രോചാൻസലറായ സർവകലാശാലയുടെ വൈസ് ചാൻസലറെ ചുമതലപ്പെടുത്തിയ ഗവർണറുടെ നടപടി യുക്തിസഹമല്ലെന്നും പരിശോധനയ്ക്ക് നിഷ്പക്ഷമായ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്നും കമ്മിറ്റി ഗവർണറോട് ആവശ്യപ്പെട്ടു.
ചൂണ്ടിക്കാട്ടുന്ന പിശകുകൾ
ഗവേഷണഫലം സാധൂകരിക്കാൻ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികൾ പലതും വിഷയവുമായി ബന്ധമില്ലാത്തത്
മൂലഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണികൾക്കു പകരം പലതവണ പകർപ്പിനു വധേയമായവയാണ് ഉപയോഗിച്ചത്
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും നേതാക്കളായിരുന്നവരെക്കുറിച്ച് പഠനം നടത്തിയിട്ടില്ല
622 ഉദ്ധരണികളാണ് കുത്തിനിറച്ചിരിക്കുന്നത്. അതിലൂടെ എന്താണ് സമർത്ഥിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല
ആദ്യത്തെയും അവസാനത്തെയും അദ്ധ്യായങ്ങളിൽ നിറയെ അക്ഷരത്തെറ്റും വ്യാകരണപിശകും. വാചക ഘടനയിലും തെറ്റ്