തിരുവനന്തപുരം: ചീഫ്സെക്രട്ടറി റാങ്കോടെ പൊലീസിനെ അടക്കി ഭരിക്കുന്ന, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ തൊടുന്നതെല്ലാം പിഴയ്ക്കുന്നു. ഫലമോ?.തീരാത്ത നാണക്കേട് ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കും സർക്കാരിനും.
അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയ വകുപ്പുകൾ പൊലീസ് നിയമ ഭേദഗതി എന്ന നിലയിൽ പുതിയ കുപ്പിയിലാക്കി പ്രദർശിപ്പിച്ച് കൈ പൊള്ളിയതോടെ, ശ്രീവാസ്തവയുടെ പിഴവ് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിക്ക് തുറന്നുപറയേണ്ടിവന്നു. അഡി.ഡി.ജി.പി തയ്യാറാക്കിയ കരടുനിയമം പൊലീസ് മേധാവി അംഗീകരിച്ച് രമൺ ശ്രീവാസ്തവയ്ക്ക് കൈമാറുകയും, അദ്ദേഹം യാതൊരു പരിശോധനയുമില്ലാതെ തുടർ നടപടികളെടുക്കുകയുമായിരുന്നു.
ആഭ്യന്തര അഡി.ചീഫ്സെക്രട്ടറിയെയും ഇന്റലിജൻസ് മേധാവിയെയും നോക്കുകുത്തിയാക്കിയാണ് ശ്രീവാസ്തവ പൊലീസിനെ ഭരിക്കുന്നതെന്ന ആക്ഷേപം വീണ്ടുമുയരുന്നു. ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി ടി.കെ.ജോസിനു പുറമെ, സെക്രട്ടറിയായി സഞ്ജയ് എം.കൗളിനെക്കൂടി നിയമിച്ചതോടെ, തന്ത്രപ്രധാനമായ ആഭ്യന്തര, വിജിലൻസ് വകുപ്പുകളിൽ രണ്ട് തലവന്മാരായി. വിവാദ പൊലീസ് നിയമഭേദഗതി, പ്രതിപക്ഷ നേതാക്കൾക്കെതിരായ വിജിലൻസ് കേസ് എന്നിവയിൽ തുടർ നടപടികളെടുത്തത് സഞ്ജയ് കൗളാണ്. ഇദ്ദേഹത്തിന്റെ നിയമനത്തിനു പിന്നിലും ശ്രീവാസ്തവയാണെന്നാണ് കേൾവി.
വിവാദ നടപടികളെല്ലാം ശ്രീവാസ്തവയോടാണ് പൊലീസ് ഉന്നതർ റിപ്പോർട്ട് ചെയ്യുന്നത്. കോഴിക്കോട്ട് രണ്ട് സി.പി.എം ബ്രാഞ്ച് അംഗങ്ങൾക്കെതിരെ യു.എ.പി.എ ചുമത്തിയ വിവാദ നടപടി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലുമറിഞ്ഞത് അടുത്ത ദിവസം. പൊലീസ് ഉപദേശകന്റെ അമിത സ്വാതന്ത്ര്യം ഭരണകൂടഭീകരതയായി വളർന്നതായി പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചിരുന്നു. വരാപ്പുഴയിൽ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ലോക്കപ്പിൽ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ എ.വി.ജോർജിനെ സസ്പെൻഷൻ കാലാവധി കഴിയുംമുൻപ് തിരിച്ചെടുത്ത് ഡി.ഐ.ജി റാങ്കിൽ കോഴിക്കോട് കമ്മിഷണറാക്കിയതും ശ്രീവാസ്തവയാണ്.
വയ്യാവേലി
ഐ.എസ്.ആർ.ഒ ചാരക്കേസിൽ സസ്പെൻഷനിലാവുകയും, പാലക്കാട്ടെ വെടിവയ്പ് കേസിൽ കുടുങ്ങുകയും ചെയ്തതോടെ വിവാദ നായകനായ മുൻ ഡി.ജി.പി ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കിയതിൽ വ്യാപക എതിർപ്പുണ്ടായിരുന്നു.
പൊലീസിന് തുടരത്തുടരെയുണ്ടായ വീഴ്ചകൾക്ക് പരിഹാരമുണ്ടാക്കാനാണ് ശ്രീവാസ്തവയെ കൊണ്ടുവന്നത്. എന്നാൽ, ടി.പി.സെൻകുമാർ പൊലീസ് മേധാവിയായിരുന്നപ്പോൾ ശ്രീവാസ്തവയെ അടുപ്പിച്ചിരുന്നില്ല. ബെഹ്റ വന്നശേഷം, തുടക്കത്തിൽ പൊലീസ് ഭരണത്തിൽ ഇടപെടാതെ നിന്ന ശ്രീവാസ്തവ, താമസിയാതെ സേനയെ കൈപ്പിടിയിലാക്കി. പൊലീസുദ്യോഗസ്ഥരുമായുള്ള മുഖ്യമന്ത്രിയുടെ യോഗത്തിൽ ശ്രീവാസ്തവ പങ്കെടുത്തതിനെ ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാൻ പരസ്യമായി എതിർത്തിരുന്നു. മുഖ്യമന്ത്രിയുടെ കസേരയ്ക്ക് തൊട്ടടുത്ത് ശ്രീവാസ്തവയ്ക്കിട്ട ഇരിപ്പിടത്തിലെ നെയിംബോർഡ് ദിവാൻ അകലെയുള്ള മറ്റൊരു കസേരയിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
അമിതാധികാരം
*ചീഫ് സെക്രട്ടറി പദവിയുള്ളതിനാൽ ഏത് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്താനും ഫയലുകൾ പരിശോധിക്കാനും കഴിയും. കോൺസ്റ്റബിൾ മുതൽ ഡി.ജി.പിമാർ വരെയുള്ളവരുടെ നിയമനവും സ്ഥലംമാറ്റവും ശ്രീവാസ്തവ അറിയാതെ നടക്കില്ല.
* മുഖ്യമന്ത്രിക്കുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ വിലയിരുത്തുന്നതും ശ്രീവാസ്തവ. നല്ല തസ്തികകളിൽ നിയമനത്തിന് ശ്രീവാസ്തവയുടെ പ്രീതി നേടണം
*.ചീഫ് സെക്രട്ടറിക്കു തുല്യമായ യാത്രാബത്തയും ദിനബത്തയും ശ്രീവാസ്തവയ്ക്ക് പൊലീസിന്റെ ബഡ്ജറ്റ് വിഹിതത്തിൽ നിന്ന്. ഇതിന്റെ ബില്ലുകൾ പരിശോധിക്കാൻ ഡി.ജി.പിക്ക് അധികാരമില്ല.