കൊല്ലം: ആദ്യം തനിക്കായൊരു പാട്ട്, പിന്നെ എതിർ സ്ഥാനാർത്ഥിക്കും!. നാടൻപാട്ട് കലാകാരിയായ സ്വാതി സുന്ദരേശൻ ഇടത് മുന്നണി സ്ഥാനാർത്ഥിയാണെങ്കിലും പാട്ടിൽ രാഷ്ട്രീയമില്ല. ഇതിനകം പതിനഞ്ചിലധികം സ്ഥാനാർത്ഥികൾക്കായി പാടി. ഇതിൽ കോൺഗ്രസുകാരും ബി.ജെ.പിക്കാരും സ്വതന്ത്രരുമെല്ലാമുണ്ട്.
സ്ഥാനാർത്ഥികളുടെയും പാർട്ടിക്കാരുടെയും താത്പര്യങ്ങളാണ് ചെമ്പരത്തി ക്രിയേഷൻസിലെ പാട്ടെഴുത്തുകാർ അക്ഷരങ്ങളിലേക്ക് ആവാഹിക്കുന്നത്. പിന്നെ സ്വാതിയും മറ്റ് പാട്ടുകാരും ചേർന്ന് പാടും. എല്ലാ തിരഞ്ഞെടുപ്പുകളിലും ഈ രീതിയാണ് തുടരുന്നതെങ്കിലും ഇക്കുറി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ടൗൺ 23-ാം വാർഡിലേക്ക് സ്വാതി സുന്ദരേശനെ സി.പി.എം സ്ഥാനാർത്ഥിയാക്കിയപ്പോൾ ആദ്യം ആശങ്ക തോന്നി.
ഇടത് പക്ഷത്തിനല്ലാതെ പാടിയാൽ പാർട്ടിക്കാർ പിണങ്ങിയാലോ? പിന്നെ അതൊരു പ്രശ്നമേയല്ലെന്ന് മനസിലായി. എതിർ സ്ഥാനാർത്ഥികൾക്കുവേണ്ടിയും പാടാൻ കഴിഞ്ഞതോടെ അതൊരു വേറിട്ട അനുഭവവുമായി. വോട്ടുതേടി വീടുകയറുമ്പോഴും വോട്ടർമാർ സ്വാതിയോട് പറയും 'മോളേ ഒരു പാട്ട് പാടിയിട്ട് പോ". വോട്ടുറപ്പിക്കാൻ ഒന്നല്ല, നാല് പാട്ടുപാടാമെന്നാണ് സ്വാതിയുടെ പക്ഷം.
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് എം.എ മ്യൂസിക് കഴിഞ്ഞ ശേഷം പ്രദേശത്തെ ഗവ. എൽ.പി സ്കൂളിലെ കലാക്ഷേത്ര വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിൽ സംഗീത അദ്ധ്യാപികയായി ജോലി ചെയ്യുകയാണ് സ്വാതി. ചെമ്പരത്തി ക്രിയേഷൻസിലെ പ്രധാന ഗായികയുമാണ്. ചാനൽ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.
കല്ലുവാതുക്കൽ വരിഞ്ഞം മുളയ്ക്കപൊയ്കയിൽ സ്വാതി ഭവനിൽ പഞ്ചായത്ത് ജീവനക്കാരനായിരുന്ന സുന്ദരേശന്റെയും സംഗീത അദ്ധ്യാപികയായിരുന്ന സതീഭായിയുടെയും മൂത്തമകളാണ് സ്വാതി. ഭർത്താവ് അമൃത് രാജും മക്കളായ ആദിരാജും അരവിരാജും പൂർണ പ്രോത്സാഹനവുമായി ഒപ്പമുണ്ട്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസിലെ രജനി രാജനും ബി.ജെ.പിയുടെ ആർ. രഹ്നയുമാണ് സ്വാതിയുടെ എതിരാളികൾ.