തിരുവനന്തപുരം: കൊവിഡ് രണ്ടാംവരവിൻെറ ഉറവിടങ്ങളായി ഹോട്ടലുകൾ മാറുമെന്നും സുരക്ഷാ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയതോടെ ഉടമകൾ സുരക്ഷ കൂടുതൽ ശക്തമാക്കി. സാമൂഹിക അകലം പാലിക്കണമെന്ന ബോർഡ് റെസ്റ്റോറൻറുകൾക്ക് മുന്നിൽ വയ്ക്കാൻ നിർദ്ദേശം നൽകിയതായി ഹോട്ടൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷൻ അറിയിച്ചു.
സാമൂഹ്യ അകലം പാലിക്കാൻ ഒരു മേശയ്ക്ക് രണ്ട് കസേരകളാണ് ഹോട്ടലുകളിൽ നിഷ്കർഷിച്ചിരുന്നത്. പലപ്പോഴും ഈ നിയന്ത്രണം പാലിക്കുന്നില്ല എന്നാണ് വിലയിരുത്തൽ. കൂട്ടമായി എത്തുന്നവർ കസേരകൾ വലിച്ച് അടുത്തടുത്തിട്ട് ഇരിക്കുന്നു. പല ഹോട്ടലുകളിലും സാനിറ്റൈസർ പോലും കരുതുന്നില്ല. തട്ടുകടകളിൽ ആൾക്കൂട്ടമാണ്. ഒരു അകലവും പാലിക്കുന്നില്ല.
40,000 റെസ്റ്റോറൻറുകളാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ളത്. കച്ചവടം 70 ശതമാനം കുറഞ്ഞെന്നാണ് ഉടമകൾ പറയുന്നത്. തുറന്ന റെസ്റ്റോറൻറുകളിൽ പലതും കച്ചവടമില്ലാത്തതിനാൽ അടച്ചു. മുഖ്യമന്ത്രി പറയുന്നത്ര സാമൂഹിക അകല പ്രശ്നമില്ലെന്നാണ് അസോസിയേഷൻ രക്ഷാധികാരി ജി. സുധീഷ് കുമാർ പറയുന്നത്. റെസ്റ്റോറൻറുകളിൽ വലിയ കൂട്ടമില്ല. വരുന്നവരോട് കർക്കശമായി നിർദ്ദേശം നൽകാനാകില്ല. അങ്ങനെ പറഞ്ഞാൽ അവർ കൂട്ടത്തോടെ ഇറങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.