വിചിത്ര ആഘോഷം സംഘടിപ്പിക്കുന്ന ഇന്ത്യൻ ഗ്രാമം
ന്യൂഡൽഹി: പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും വിളക്കുകൾ കത്തിച്ചും ദീപാവലി ആഘോഷത്തിക്കുന്നവരെ നമുക്ക് അറിയാം. എന്നാൽ ചാണകമെറിഞ്ഞ് ദീപാവലി ആഘോഷമാക്കുന്ന ഒരു ഗ്രാമം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? വിശ്വസിച്ചേ മതിയാകൂ. തമിഴ്നാട് - കർണാടക അതിർത്തി ഗ്രാമമായ ഗുമാതാപുരത്താണ് സ്പെയിനിലെ തക്കാളി എറിയൽ മഹോത്സവം (ലാ തമാറ്റിനോ) പോലെ കൗതുകമായി ചാണകമെറിയൽ ആഘോഷം സംഘടിപ്പിക്കുന്നത്.
ഗ്രാമീണരുടെ ദൈവമായ ബീരേഷ്വര സ്വാമി പശുവിന്റെ ചാണകത്തിൽ നിന്നും പിറവിയെടുത്തു എന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ചാണകമെറിയൽ ആഘോഷം സംഘടിപ്പിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഇപ്രാവശ്യം 100 പേരാക്കി ചുരുക്കിയാണ് ചാണകമേറ് ആഘോഷം നടന്നത്. ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ചാണകം മുഴുവൻ ബീരേശ്വര സ്വാമി ക്ഷേത്രത്തിനരികിൽ കുന്നുകൂട്ടിയിടും. ഇതിനു ശേഷമാണ് ആഘോഷം നടക്കുന്നത്. പൂജ നടത്തി കുളിച്ച ശേഷം പരസ്പരം ചാണകമെറിയും. എല്ലാ പ്രായത്തിലുള്ള പുരുഷൻമാരും ചാണകം ഉരുട്ടിയ ശേഷം പരസ്പരം എറിയുന്നു. ഇതിന് ഉപയോഗിക്കുന്ന ചാണകം കൃഷിയിടത്തിൽ നിക്ഷേപിച്ചാൽ വിളവ് കൂടുമെന്ന വിശ്വാസവും ഇവർക്കിടയിലുണ്ട്. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എ.എഫ്.പിയാണ് ഇത്തരമൊരു വ്യത്യസ്തമായ ദീപാവലി ആഘോഷത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.