വിവാദ മൊബൈൽ സംഭാഷണം പുറത്തുവിട്ട് ബി.ജെ.പി
ന്യൂഡൽഹി: ബീഹാറിൽ നിതീഷ് കുമാർ സർക്കാരിനെ താഴെയിറക്കാൻ എൻ.ഡി.എ എം.എൽ.എമാരെ സ്വാധീനിക്കാൻ ജയിലിലുള്ള ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവ് ശ്രമിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി.
സ്പീക്കർ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നും തങ്ങളോടൊപ്പം വന്നാൽ മന്ത്രിസ്ഥാനം നൽകാമെന്നും ഫോണിലൂടെ ബി.ജെ.പി എം.എൽ.എയ്ക്ക് വാഗ്ദാനം നൽകുന്നതിന്റെ ഓഡിയോ മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ സുശീൽകുമാർ മോദി ട്വിറ്ററിലൂടെ പുറത്തുവിട്ടു. അതേസമയം ഓഡിയോയുടെ ആധികാരികത വ്യക്തമല്ല. മന്ത്രിയാക്കാമെന്ന് ബി.ജെ.പി എം.എൽ.എ ലല്ലൻ പാസ്വാനോട് ലാലു വാഗ്ദാനം നൽകുന്ന മൊബൈൽ സംഭാഷണത്തിന്റെ ഓഡിയോ ഇന്നലെ രാവിലെയാണ് സുശീൽകുമാർ പുറത്തുവിട്ടത്. റാഞ്ചിയിൽ നിന്ന് ലാലുപ്രസാദ് യാദവ് ബി.ജെ.പി എം.എൽ.എമാരെ വിളിച്ചുവെന്ന് മൊബൈൽ നമ്പർ സഹിതം ചൊവ്വാഴ്ച രാത്രി സുശീൽകുമാർ ട്വീറ്റ് ചെയ്തിരുന്നു.
'താൻ ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോൾ ലാലു തന്നെ ഫോൺ എടുത്തു. ജയിലിൽ കിടന്ന് ഇത്തരം വൃത്തികെട്ട കളി കളിക്കരുതെന്നും നിങ്ങൾ വിജയിക്കില്ലെന്നും ലാലുവിനോട് പറഞ്ഞ"തായും സുശീൽകുമാർ ആരോപിച്ചു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ ഓഡിയോ പുറത്തുവിട്ടത്.
അതേസമയം ശബ്ദം ലാലുവിന്റേതല്ലെന്നും ഓഡിയോ വ്യാജമാണെന്നും ആർ.ജെ.ഡി പ്രതികരിച്ചു. ബി.ജെ.പിയുടേത് വ്യാജ ആരോപണമാണെന്ന് കോൺഗ്രസും പറഞ്ഞു.
വിഷയത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടു. കാലിത്തീറ്റ അഴിമതികേസിൽ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവ് റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ നിന്നാണ് ഫോൺ ഉപയോഗിച്ചതെന്നാണ് ആരോപണം. ഹോട്ട്വാർ സെൻട്രൽ ജയിലിലായിരുന്ന ലാലുവിനെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റാഞ്ചിയിലേക്ക് മാറ്റിയത്.
നേരിയ ഭൂരിപക്ഷത്തിനാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വീണ്ടും സർക്കാർ രൂപീകരിച്ചത്. 243 അംഗ നിയമസഭയിൽ എൻ.ഡി.എയ്ക്ക് സ്വതന്ത്രന്റേതുൾപ്പെടെ126 അംഗങ്ങളുടെ പിന്തുണയുണ്ട്. മുഖ്യപ്രതിപക്ഷമായ മഹാസഖ്യത്തിന് 110 ഉം എ.ഐ.എം.ഐ.എമ്മിനും അഞ്ചും എൽ.ജെ.പിക്കും ബി.എസ്.പിക്കും ഓരോ എം.എൽ.എമാരുമാണുള്ളത്.